തിരുവനന്തപുരം: പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ ഒഴികെ സംസ്ഥാനത്തെ 17 ലോക്സഭാ മണ്ഡലങ്ങളിലും വിജയം ഉറപ്പെന്ന് യുഡിഎഫ് ഉന്നതാധികാര സമിതിയുടെ വിലയിരുത്തൽ. ഈ മൂന്നു മണ്ഡലങ്ങളിലും പ്രചാരണത്തിൽ എൽഡിഎഫിന്‍റെ സംഘടനാ ശക്തിക്കൊപ്പം യുഡിഎഫ് സ്ഥാനാർഥികൾക്ക് എത്താനായില്ല. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല സാഹചര്യമാണ് ഉണ്ടായത്. താഴെ തട്ടിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞു. ദേശീയതലത്തിൽ ഒരു മതേതര സർക്കാർ ഉണ്ടാകണമെന്ന ആഗ്രഹവും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും പിണറായി വിരുദ്ധ തരംഗവും യുഡിഎഫിന്‍റെ വിജയ സാധ്യത വർദ്ധിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അനുകൂല സാഹചര്യം ഉണ്ടായിട്ടും പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളില്‍ പ്രചാരണം പാളിയെന്ന് യോഗം വിലയിരുത്തി. ആറ്റിങ്ങലിൽ പ്രചരണത്തിൽ ഏറെ പിന്നാക്കം പോയി. ആലത്തൂരിൽ സ്ഥാനാർഥിയുടെ പ്രകടനം പരാജയത്തിന്‍റെ ആഘാതം കുറയ്ക്കും. പാലക്കാട് പ്രചാരണം തുടക്കത്തിലേ പാളി. എന്നാൽ പ്രചാരണത്തിൽ പിന്നാക്കം പോയെങ്കിലും കാസർഗോഡ് മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താന്‍റെ വിജയം സുനിശ്ചിതമെന്നും യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്‍റെ പ്രവർത്തനം അങ്ങേയറ്റം മികച്ചതായിരുന്നെന്ന് ഘടകകക്ഷികൾ അഭിപ്രായപ്പെട്ടു.