മത വികാരമുയർത്തി വോട്ട് തേടുന്നത് രാഹുൽ ഗാന്ധിയെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരൻ. ഉത്തരേന്ത്യയിൽ ശിവഭക്തനാണെന്ന് പറഞ്ഞ് വോട്ട് തേടുന്ന രാഹുൽ ഗാന്ധി വയനാട്ടിൽ പൂണൂലുപേക്ഷിച്ച് ലീഗ് പിന്തുണയിലാണ് മത്സരിക്കുന്നത്. വർഷങ്ങളായി രാജ്യം ഭരിച്ച കോൺഗ്രസിന്‍റെ അധ്യക്ഷന് ആകെ സുരക്ഷിതമായ മണ്ഡലം കണ്ടെത്താൻ ആയത് മുസ്ലിം ലീഗിന്‍റെ ഔദാര്യത്തിലാണെന്നും വി മുരളീധരൻ എംപി പറഞ്ഞു.
ഭീകരവാദികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന ഒരു പാർട്ടിയുടെ പിന്തുണയോടെ മാത്രമേ ഇന്ത്യൻ പാർലമെന്‍റില്‍ രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവായി ഇരിക്കാൻ സാധിക്കൂ. ലീഗിന്‍റെയും പച്ചക്കൊടിയുടെയും കാര്യത്തിൽ അമിത് ഷാ പറഞ്ഞത് സംസ്ഥാന നേതൃത്വത്തിന്‍റെ കൂടി അഭിപ്രായമാണന്നും വി.മുരളീധരൻ മലപ്പുറത്ത് പറഞ്ഞു. ലീഗിന്‍റെ കൊടി രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തില്‍ കണ്ടതിന്‍റെ പശ്ചാത്തലത്തില്‍ വയനാട് പാകിസ്ഥാനിലാണോ ഇന്ത്യയിലാണോയെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ചോദിച്ചത് വിവാദമായിരുന്നു.