വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനെ ആക്രമികച്ച സംഭവം അതീവ ഗുരുതരമെന്ന് കെ.മുരളീധരൻ. ജയരാജനെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കുകയാണ്. പൊലീസ് ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നു. പർദ്ദ പാടില്ലെന്ന് പറയുന്ന കൊടിയേരി ബാലകൃഷ്ണന്‍റെ ഭാഷ ഗോഡ്സയെ ആരാധിക്കുന്ന സംഘികളുടേതെന്നും മുരളീധരൻ ആരോപിച്ചു.
വടകരയിൽ തനിക്കെതിരെ മത്സരിച്ചവരെയെല്ലാം ആക്രമിക്കാൻ ജയരാജൻ നേതൃത്വം നൽകുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു. സിഒടി നസീറിനെതിരെയുള്ള ആക്രമണം തുടക്കം മാത്രമാണ്. ജയരാജൻ തോറ്റാലും ജയിച്ചാലും അക്രമം എന്നാണ് റിപ്പോർട്ടുകൾ. ആർഎംപി പ്രവർത്തകർ വ്യപകമായി അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. തനിക്ക് നേരേയും കയ്യേറ്റം ഉണ്ടായിട്ടുണ്ട്. അതിരെതിരെ മെയ് നാലിന് നൽകിയ പരാതിയിൽ ഇതുവരെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ല. പൊലീസിന്‍റെ അനാസ്ഥയാണ് ഈ അക്രമങ്ങൾക്കെല്ലാം കാരണം. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ് പൊലീസ്. ഇതിന് മുതിർന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. ഡിജിപി കേരള പൊലീസിനെ നന്നാക്കാൻ ദുബായ്ക്ക് പോവുകയാണെന്നും ഇതിന്‍റെ ആവശ്യം എന്താണെന്നും മുരളീധരൻ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമാണ്. അതാണ് പര്‍ദ്ദപാടില്ലെന്ന പ്രസ്താവനയ്ക്ക് പിന്നില്‍. ഗോഡ്‌സെയെ ആരാധിക്കുന്ന സംഘികളുടെ ഭാഷയാണ് കൊടിയേരിയുടേതെന്നും ചുവപ്പിൽ കാവി പടരുകയാണെന്നും മുരളീധരൻ ആരോപിച്ചു. മസാല ബോണ്ട് നല്ലതാണ്. എന്നാൽ മസാല ബോണ്ട് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ കോൺഗ്രസിന് നല്ല സ്ഥാനാർഥി തന്നെ ഉണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.