പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് പൂർത്തിയായി. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂർത്തിയായത്.
തരംതിരിക്കലിന് ശേഷം അതാത് മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിന് ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്. ഓരോ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്ക് ലഭ്യമാക്കേണ്ട വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഏതൊക്കെയെന്ന് നിശ്ചയിച്ച് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കി. ഇതിന് ശേഷം മോക് പോള്‍ നടത്തി കൃത്യത ഉറപ്പു വരുത്തിയതിനു ശേഷം സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ഏതെങ്കിലും മെഷീന്‍ തകരാറിലായാല്‍ പരിഹരിക്കുന്നതിനായി കൂടുതല്‍ മെഷീനുകള്‍ കരുതിയിട്ടുണ്ട്. കമ്മീഷനിംഗ് പൂര്‍ത്തിയാക്കുന്നതിന് മുമ്പായി അഞ്ചു ശതമാനം മോക്‌പോള്‍ ഉറപ്പു വരുത്തും. ഒരു ശതമാനം മെഷീനില്‍ 1200 വോട്ട്, രണ്ടു ശതമാനം മെഷീനുകളില്‍ 1000, 500 വീതം വോട്ട് എന്നിങ്ങനെയാണ് അഞ്ചു ശതമാനം മോക്‌പോള്‍.