തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്ക് ആരെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കാത്തിരിപ്പിന് അവസാനം കുറിച്ച് വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. സംസ്ഥാനത്തെ 29 കേന്ദ്രങ്ങളില്‍ രാവിലെ 8 മണി മുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. ഒമ്പതുമണിയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണുക. തുടര്‍ന്ന് എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകളായിരിക്കും സജ്ജീകരിച്ചിരിക്കുക. നാലു മണിക്കൂറിനകം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തീർക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ സുപ്രീംകോടതി നിർദേശപ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് രസീതുകള്‍ കൂടി എണ്ണാനുള്ളതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലെ എല്ലാ നടപടികളും പൂർത്തിയാക്കി, അന്തിമ ഫലപ്രഖ്യാപനം നടത്താന്‍ വൈകുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഴുവന്‍ നടപടികളും വീഡിയോയിൽ പകർത്തും. 22640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമേ 1344 കേന്ദ്രസായുധ സേനാംഗങ്ങളും സുരക്ഷാ ചുമതലയിൽ ഉണ്ടാകും. ഔദ്യോഗിക ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക സൈറ്റിൽ ലഭ്യമാക്കും.