കോഴിക്കോട്: ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചൂട് കുറഞ്ഞു. ഇനി വോട്ടെണ്ണൽ വരെ കാത്തിരിക്കണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ മാത്രം വോട്ട് രേഖപ്പെടുത്തിയ യുവതലമുറക്ക് പഴയ ബാലറ്റ് പെട്ടിയിൽ വോട്ടു ചെയ്ത അനുഭവമില്ല. എന്നാൽ ഇപ്പോള്‍ ഒരു കാലഘട്ടത്തിലെ ജനതയെ ആവേശത്തിലാഴ്ത്തിയ ബാലറ്റ് പെട്ടികള്‍ കാടുപിടിച്ചു നശിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലാ ജയിലിന് സമീപമുള്ള സബ് ട്രഷറി ഓഫീസ് പരിസരത്താണ് വോട്ടോര്‍മകളുമായി ബാലറ്റ് പെട്ടികള്‍ ജീര്‍ണിച്ച് കിടക്കുന്നത്. പഴയ ബാലറ്റ് പെട്ടിയും ഇവ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മരപ്പെട്ടികളും ഒരു അവശേഷിപ്പായി ഇപ്പോഴുമുണ്ട്.
മുമ്പ് ഓരോ വോട്ടർക്കും ഒരു ബാലറ്റ് പേപ്പർ കൊടുത്ത് സീല് കൊണ്ട് വോട്ട് അടയാളപ്പെടുത്തിയിരുന്നു. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഇടാൻ ഉപയോഗിക്കുന്ന പെട്ടിയാണ് ബാലറ്റ് പെട്ടി. ബാലറ്റ് പെട്ടികൾ പോളിംഗ് ബൂത്തികളിലേക്ക് മാറ്റാന്‍ വലുപ്പമേറിയ മരപ്പെട്ടികളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള അനേകം മരപ്പെട്ടികളും പരിസരത്തെ മരച്ചുവടുകളിൽ കൂട്ടിയിട്ടിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ മാഞ്ഞുപോയൊരു കാലത്തിന്‍റെ ഓർമ്മകൾ നിലനിർത്തുകയാണ് കോഴിക്കോട്ടെ ഈ കാഴ്ച.