ബെംഗളൂരു: കർണാടക നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് സ്റ്റേറ്റ് യൂണിറ്റ് ചീഫ് ദിനേശ് ഗുണ്ടു റാവു. ഭരണകൂടത്തിന്‍റെ ഏജന്‍റായി തെരഞ്ഞെടുപ്പ് കമ്മിഷൻ മാറിയെന്നും ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും ദിനേശ് ഗുണ്ടു റാവു ആരോപിച്ചു.
ഡിസംബർ അഞ്ചിന് കർണാടക ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ നവംബർ 11 മുതൽ മാത്രമേ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ബാധകമാകൂവെന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം 15 നിയോജകമണ്ഡലങ്ങളിൽ കലാപം നടത്താൻ ബിജെപി സർക്കാരിന് സഹായകമാകുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
തെരഞ്ഞെടുപ്പ് അറിയിച്ചാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം(എംസിസി) പ്രാബല്യത്തിൽ വരേണ്ടതാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന് 45 ദിവസത്തെ ഇടവേള പ്രാബല്യത്തിൽ വരുത്തുന്നത് എല്ലാ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
അയോഗ്യരായ 17 എംഎൽഎമാരുടെ അപേക്ഷയിൽ സുപ്രീംകോടതി തീരുമാനമെടുക്കുന്നതുവരെ കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഏജന്‍റായി മാറിയിരിക്കുന്നെന്നും ഭരണഘടനാപരമായ സ്വയംഭരണാധികാരം തെരഞ്ഞെടുപ്പ് കമ്മീഷന് നഷ്ടപ്പെട്ടുവെന്നും കമ്മിഷനിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.