ഇടത് മനസാണ് അരൂരിന്. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും അവസാനം നടന്ന ഉപ തെരഞ്ഞെടുപ്പിലും മാത്രമാണ് കോൺഗ്രസിന് ഈ മണ്ഡലത്തിൽ വിജയിക്കാനായത്. ഗൗരിയമ്മയാണ് അരൂരിനെ ഏറ്റവും കൂടുതൽ പ്രതിനിധീകരിച്ച എംഎൽഎ. ഒരു വനിത തുടർച്ചയായി ഏറ്റവും കൂടുതൽ തവണ എംഎൽഎ ആയ മണ്ഡലവും ഇതു തന്നെയാണ്. കേരളത്തിന്‍റെ സ്വന്തം കെആർ ഗൗരി ആറ് തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. അതിൽ നാല് തവണ എൽഡിഎഫിനെ പ്രതിനീധീകരിച്ചും രണ്ട് തവണ യുഡിഎഫിനെ പ്രതിനീധീകരിച്ചുമാണ് എംഎൽഎ ആയത്.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
ചുവപ്പിന്‍റെ രാഷ്‌ട്രീയം പേറുന്ന മണ്ഡലമാണ് അരൂർ. ഗൗരിയമ്മ യുഡിഎഫ് ആയിരുന്നപ്പോൾ രണ്ടു തവണ യുഡിഎഫ് വിജയിച്ചതൊഴികെ ഒരു കോൺഗ്രസ് സ്ഥാനാർഥി അരൂർ മണ്ഡലത്തിൽ വിജയിക്കുന്നത് 1960 ന് ശേഷം 2019 ലെ ഉപതെരഞ്ഞെടുപ്പിലാണ്. എ.എം ആരിഫ് ആലപ്പുഴ ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പ് ഉൾപെടെ പതിനഞ്ച് തവണ തെരഞ്ഞെടുപ്പ് നടന്നതിൽ പത്ത് തവണയും അരൂർ മണ്ഡലം ഇടതുമുന്നണിയൊടൊപ്പമാണ് നിന്നത്. അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണയും വനിത തന്നെയാകും അരൂരിന്‍റെ എംഎൽഎ.
ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽപെട്ട നിയമസഭ മണ്ഡലമാണ് അരൂര്‍. അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
1957 മുതലാണ് തെരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത്. 57-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പി.എസ് കാർത്തികേയനായിരുന്നു അരൂരിന്‍റെ എംഎൽഎയായി തെരഞ്ഞെടുക്കപെട്ടത്. തുടർന്ന്1960 ലും അദ്ദേഹം തെരഞ്ഞെടുക്കപെട്ടു. 1965-ൽ തെരഞ്ഞെടുപ്പിൽ കെ.ആർ ഗൗരി വിജയിച്ചിരുന്നെങ്കിലും അന്ന് സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നിരുന്നില്ല. തുടർന്ന് 1967 -ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ആർ ഗൗരി തന്നെയായിരുന്നു അരൂരിലെ വിജയി. 1970ലും ഗൗരി മണ്ഡലത്തിന്‍റെ എംഎൽഎ ആയി. 1977 -ൽ സിപിഐയുടെ പി.എസ് ശ്രീനിവാസനാണ് അരൂരിന്‍റെ എംഎൽഎ ആയത്. 1980 മുതൽ 2006 വരെ ഗൗരിയമ്മയായിരുന്നു അരൂരിന്‍റെ എംഎൽഎ. 1980 മുതൽ 1996 വരെ എൽഡിഎഫ് പ്രതിനിധിയായും 1996 മുതൽ 2006 വരെ യുഡിഎഫ് പ്രതിനിധിയായിട്ടുമാണ് ഗൗരിയമ്മ അരൂരിനെ പ്രതിനിധീകരിച്ചത്. 2006-ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗൗരിയമ്മയെ തോൽപിച്ച് സിപിഎമ്മിന്‍റെ എ.എം ആരിഫ് അരൂരിന്‍റെ എംഎൽഎ ആയി. 2019 ലെ ലോക് സഭ അംഗമായി തെരഞ്ഞെടുക്കും വരെ അദ്ദേഹമായിരുന്നു അരൂരിന്‍റെ എംഎൽഎ. 2019-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് കോട്ടയിൽ ഷാനിമോൾ ഉസ്മാൻ മൂവർണകൊടി പാറിച്ചു. ശക്തമായ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ 2,079 വോട്ടിനായിരുന്നു ഷാനിമോളുടെ വിജയം.
2011-ലെ തെരഞ്ഞെടുപ്പ്
84.23 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,46,676 പേർ വോട്ടുകൾ രേഖപെടുത്തി. 16,852 വോട്ടുകൾക്ക് സിപിഎമ്മിന്‍റെ എ.എം ആരിഫ് കോൺഗ്രസിന്‍റെ എ.എ ഷുക്കൂറിനെ പരാജയപെടുത്തി. ഈ തെരഞ്ഞെടുപ്പിൽ എ.എം ആരിഫ് 76,675 (52.28) വോട്ടും എ.എ ഷുക്കൂർ 59,823 (40.79) വോട്ടും ബിജെപി സ്ഥാനാർഥി ടി. സജീവ് ലാലിന് 7,486 (5.10) വോട്ടും ലഭിച്ചു.
2016 -ലെ തെരഞ്ഞെടുപ്പ്
85.82 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,61,875 പേർ വോട്ടുകൾ രേഖപെടുത്തി. 38,519 വോട്ടുകൾക്ക് സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ എ.എം ആരിഫ് കോൺഗ്രസിന്‍റെ സി.ആർ ജയപ്രകാശിനെ തോൽപിച്ചു. ഈ തെരഞ്ഞെടുപ്പിൽ എ.എം ആരിഫ് 84,720 (52.34) വോട്ടും സി.ആർ ജയപ്രകാശിന് 46,201 (28.54) വോട്ടും എൻഡിഎയുടെ ബിഡിജെസ് സ്ഥാനാർഥി അനിയപ്പന് 27,753 (17.14) വോട്ടും ലഭിച്ചു.
2019- ലെ ഉപതെരഞ്ഞെടുപ്പ്
80.47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,54,534 പേർ വോട്ട് രേഖപെടുത്തി. 2,079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിന്‍റെ മനു സി പുളിക്കലിനെ തോൽപിച്ച് കോൺഗ്രസിന്‍റെ ഷാനിമോൾ ഉസ്‌മാൻ അരൂരിൽ അട്ടിമറി വിജയം നേടി. ഷാനിമോൾ ഉസ്‌മാന് 69,356 (44.88) വോട്ടും മനു സി പുളിക്കലിന് 67,277 (43.54) വോട്ടും ബിജെപി സ്ഥാനാർഥി കെ.പി പ്രകാശ് ബാബുവിന് 16,289 (10.54) വോട്ടും ലഭിച്ചു.
2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം
പത്ത് പഞ്ചായത്തുകൾ അടങ്ങിയതാണ് അരൂർ മണ്ഡലം. ഇതിൽ എൽഡിഎഫിന് ഏഴും യുഡിഎഫിന് രണ്ടും എൻഡിഎ ഒരു പഞ്ചായത്തിലും ഭരിക്കുന്നു.
എൽ.ഡി.എഫ് : അരൂർ, ചേന്നം പളളിപ്പുറം, എഴുപുന്ന, കുത്തിയതോട്, പാണാവളളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി
യുഡിഎഫ്: അരൂക്കുറ്റി, തുറവൂർ
എൻ.ഡി.എ: കോടംതുരുത്ത്
2021ലെ തെരഞ്ഞെടുപ്പ്
സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്‌മാൻ തന്നെയാണ് യുഡിഎഫിന്‍റെ സ്ഥാനാർഥി. രണ്ട് തവണ ജില്ലാപഞ്ചായത്ത് അംഗവും ഗായികയുമായ ദലീമ ജോജോയാണ് എൽഡിഎഫ് സ്ഥാനാർഥി. 56 വർഷങ്ങൾക്ക് ശേഷം പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളായി വനിതകൾ എത്തുന്നു എന്ന പ്രതേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്‍റെ ടി. അനിയപ്പനാണ് മത്സര രംഗത്തുള്ളത്.