വൈക്കം സത്യഗ്രഹത്തിന് വേദിയായ സമര ഭൂമി. കോട്ടയം ജില്ലയിലെ സംവരണ മണ്ഡലമായ വൈക്കം സിപിഐയുടെ കുത്തക മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. പതിനാല് തെരഞ്ഞെടുപ്പുകൾ നടന്നതിൽ 12 തെരഞ്ഞെടുപ്പുകളിലും സിപിഐ സ്ഥാനാർഥികളാണ് വിജയിച്ചത്.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
1957 ലെയും 1991ലെയും തെരഞ്ഞെടുപ്പുകൾ ഒഴികെ ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഐ സ്ഥാനാർഥികളാണ് ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. 57ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ കെ.ആർ നാരായണനും 91 -ൽ കെ.കെ ബാലകൃഷണനുമാണ് കോൺഗ്രസിനു വേണ്ടി വൈക്കത്തു നിന്ന് വിജയിച്ചത്.
വൈക്കം നഗരസഭയും വൈക്കം താലൂക്കിലെ ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂർ പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ കെ.ആർ നാരായണനായിരുന്നു വൈക്കത്തിന്‍റെ ആദ്യ എംഎൽഎ ആകുന്നത്. 1960 ലെ തെരഞ്ഞെടുപ്പിൽ സിപിഐയുടെ പി.എസ് ശ്രീനിവാസൻ മണ്ഡലം തിരിച്ചു പിടിച്ചു. അന്നു മുതൽ മണ്ഡലം സിപിഐയുടെ കോട്ടയായി മാറുകയായിരുന്നു. 1991-ൽ കോൺഗ്രസിന്‍റെ കെ.കെ ബാലകൃഷ്ണൻ 1030 വോട്ടുകൾക്ക് വിജയിച്ചതല്ലാതെ വൈക്കം എന്നും ചുവന്നു തന്നെയാണ് നിന്നത്. 2016ലെ തെരഞ്ഞടുപ്പിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ ആശ ആയിരുന്നു സ്ഥാനാർഥി. കോൺഗ്രസിന്‍റെ എ. സനീഷ് കുമാറിനെ 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപിച്ച് ആശ ആദ്യമായി നിയസഭയിലെത്തി. ഇത്തവണ പെൺ പോരാട്ടത്തിനാണ് വൈക്കം വേദിയാകുന്നത്.
2011-ലെ തെരഞ്ഞെടുപ്പ്
79.15 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,21,265 പേർ വോട്ടുകൾ രേഖപ്പെടുത്തി. 10,568 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐയുടെ കെ. അജിത്ത് കോൺഗ്രസിന്‍റെ എ. സനീഷ് കുമാറിനെ തോൽപിച്ചു. തെരഞ്ഞെടുപ്പിൽ കെ. അജിത്തിന് 62,603 (51.62) വോട്ടും എ.സനീഷ് കുമാറിന് 52,035 (42.91) വോട്ടും ബിജെപി സ്ഥാനാർഥി രമേശ് കുമാറിന് 4,512 (3.72) വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പ്
81.19 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,32,048 പേർ വോട്ട് രേഖപെടുത്തി. 24,584 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ എ. സനീഷ് കുമാറിനെ തോൽപിച്ച് സിപിഐയുടെ സി.കെ ആശ ആദ്യമായി നിയമസഭയിലെത്തി. തെരഞ്ഞെടുപ്പിൽ സി.കെ ആശയ്‌ക്ക് 61,997 (46.95) വോട്ടും എ.സനീഷ് കുമാറിന് 37,413 (28.83) വോട്ടും എൻഡിഎ സ്ഥാനാർഥി എൻ.കെ നീലകണ്ഠന് 30,087 (22.77) വോട്ടും ലഭിച്ചു.
2020-ലെ തദ്ദേശതെരഞ്ഞെടുപ്പ്
വൈക്കം നഗരസഭയും ഒമ്പത് ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് വൈക്കം നിയോജകമണ്ഡലം. വൈക്കം നഗരസഭ യുഡിഎഫും ഒമ്പതിൽ എട്ട് പഞ്ചായത്തുകൾ എൽഡിഎഫും ഒരു പഞ്ചായത്തിൽ യുഡിഎഫും ഭരണം നടത്തുന്നു.
വൈക്കം നഗരസഭ- യുഡിഎഫ്
എൽഡിഎഫ് : ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെള്ളൂർ.
യുഡിഎഫ്: വെച്ചൂര്‍
2021 ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷ
ഇത്തവണ മൂന്ന് മുന്നണികൾക്കും വേണ്ടി വനിതകളാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. എൽഡിഎഫിന് വേണ്ടി സിറ്റിങ് എംഎൽഎ സികെ ആശ തന്നെയാണ് സ്ഥാനാർഥി. യുഡിഎഫിന് വേണ്ടി കോട്ടയം നഗരസഭയുടെ മുൻ ചെയർപേഴ്‌സൺ ആയിരുന്ന ഡോ. പി.ആർ സോനയാണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്‍റെ അജിത സാബുവാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി യുഡിഎഫിനെക്കാൾ ഏഴായിരം വോട്ടുകൾക്ക് മാത്രം പുറകിലായിരുന്നതു. കൊണ്ടുതന്നെ ഇത്തവണ കനത്ത ത്രികോണ മത്സരത്തിനുളള സാധ്യതയാണ് മണ്ഡലത്തിനുള്ളത്.