തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങൾ വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. മണ്ഡലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. അവസാനവട്ട പ്രചാരണ പരിപാടികളെ കുറിച്ചും പ്രചാരണത്തിന്‍റെ പൊതുസ്ഥിതി സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന വിവാദങ്ങളെ എങ്ങനെ നേരിടണം എന്നതാണ് യോഗത്തിൽ പരിഗണിക്കുന്ന മറ്റൊരു പ്രധാന വിഷയം. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സംബന്ധിച്ച ആരോപണം കൂടാതെ ഇരട്ട വോട്ട് വിവാദത്തിലും പാര്‍ട്ടി എന്ത് നിലപാടില്‍ മുന്നോട്ട് പോകണമെന്നതാവും പ്രധാനമായും ചര്‍ച്ചയാകുക. ഇതുകൂടാതെ എന്‍.എസ്.എസ്. ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ എങ്ങനെ നേരിടണമെന്നതും സിപിഎം പരിശോധിക്കും. ഇതിനെ സംബന്ധിച്ച് കാര്യമായ പ്രതികരണം ഇതുവരെ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത് ഇങ്ങനെ തുടര്‍ന്നാല്‍ മതിയെന്ന പൊതു അഭിപ്രായമാണ് സിപിഎമ്മിനുള്ളിലുള്ളത്. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ടു തന്നെ കടുത്ത ഭാഷയിലുള്ള മറുപടി വേണ്ട എന്നാണ് പാർട്ടിക്കുള്ളിലെ പൊതു നിലപാട്. ശബരിമല വിഷയം ഉയര്‍ത്തിയുള്ള ബിജെപിയുടേയും യുഡിഎഫിന്‍റെയും പ്രചാരണത്തെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ചും യോഗത്തിൽ ചര്‍ച്ച ചെയ്യും.