ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ആലപ്പുഴയിലെത്തും. രാവിലെ 09.30ന് മാധ്യമങ്ങളെ കണ്ടശേഷമായിരിക്കും പ്രചാരണപരിപാടികളിൽ പങ്കെടുക്കുക. ജില്ലയിലെ അഞ്ച് പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
അരൂർ, ചേർത്തല മണ്ഡലങ്ങളിലെ പ്രചാരണത്തിന്‍റെ ഭാഗമായി രാവിലെ 10ന് തിരുനല്ലൂർ സ്‌കൂൾ ഗ്രൗണ്ടിലാണ് ആദ്യസമ്മേളനം. തുടർന്ന് ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ പ്രചാരണത്തിന് രാവിലെ 11ന് എസ്‌ഡിവി ഗ്രൗണ്ടിലും ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലെ പ്രചാരണത്തിന് മൂന്നിന് കായംകുളം എൽമെക്‌സ് ഗ്രൗണ്ടിലും എത്തിച്ചേരും. അതിനുശേഷം വൈകിട്ട് നാലിന് മാവേലിക്കര കോടിക്കൽ ഗാർഡൻസിലും അഞ്ചിന് ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലും ചേരുന്ന പ്രചാരണ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കും.