കാർഷിക മേഖലയാണ് ആലത്തൂർ ലോക്‌സഭ മണ്ഡലത്തിൽ പെടുന്ന തരൂർ മണ്ഡലം. പഴയ കുഴൽമന്ദം നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും ചേർത്ത് 2008-ൽ രൂപീകൃതമായ സംവരണ മണ്ഡലമാണ് തരൂർ. കുഴൽമന്ദം ആയിരുന്നപ്പോഴും തരൂർ ആയപ്പോഴും ഇടതിനൊപ്പം നിൽക്കുന്ന സ്വഭാവമാണ് തരൂർ മണ്ഡലത്തിനുളളത്.
കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് തരൂർ മണ്ഡലം. കഴിഞ്ഞ രണ്ടു തവണയായി എ.കെ ബാലനാണ് മണ്ഡലത്തെ പ്രതിനീധീകരിക്കുന്നത്.
മണ്ഡലത്തിന്‍റെ രാഷ്‌ടീയം
ചുവപ്പാണ് മണ്ഡലത്തിന്‍റെ രാഷ്‌ട്രീയ നിറം. പാലക്കാട് ജില്ലയില്‍ ഇടതിന്‍റെ ഉരുക്ക് കോട്ടകളിൽ ഒന്നാണ് തരൂർ. 2011-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും 2016ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിലും എ.കെ ബാലൻ തന്നെയായിരുന്നു തരൂരിന്‍റെ എംഎൽഎ. ഇത്തവണ എൽഡിഎഫിന്‍റെ സ്ഥാനാർഥി നിർണയവുമായി ബന്ധപെട്ട് ഏറെ ചർച്ച ചെയ്യപെട്ട മണ്ഡലം കൂടിയ തരൂർ. എ.കെ ബാലന്‍റെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിനെ ചൊല്ലി ഏറെ തർക്കം നിന്ന മണ്ഡലമാണ് തരൂർ. ഒടുവിൽ ഡിവെഎഫ്ഐ ജില്ലാ അധ്യക്ഷൻ പി.പി സുമോദ് സ്ഥാനാർഥിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് മണ്ഡലത്തിൽ മേൽകൈ നേടാനായതിന്‍റെ പ്രതീക്ഷയിലാണ് യുഡിഎഫ്. പാലക്കാട് ജില്ലയില്‍ മറ്റു സ്ഥലങ്ങളിൽ ഉള്ള സ്വാധീനം ഈ മണ്ഡലത്തിൽ നേടാൻ ബിജെപി ശ്രമിക്കുമെന്നതിനാൽ ശക്തമായ ത്രികോണ മത്സരം ഇത്തവണ അരങ്ങേറും.
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
2011 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. 2011ലെയും 2016 ലെയും തെരഞ്ഞെടുപ്പിൽ എ.കെ ബാലൻ തന്നെയായിരുന്നു തരൂരിന്‍റെ എംഎൽഎ. 2011-ൽ കേരള കോൺഗ്രസിന്‍റെ എൻ.വിനേഷിനെ 25,756 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2016-ൽ കോൺഗ്രസിന്‍റെ സി.പ്രകാശിനെ 23,068 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തോൽപിച്ചു.
2011 ലെ തെരഞ്ഞെടുപ്പ്
75.17 ശതമാനം വോട്ടുകൾ രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ 1,12,288 പേർ സമ്മതിദാനം രേഖപെടുത്തി. കേരള കോൺഗ്രസിന്‍റെ എൻ.വിനേഷിനെ 25,756 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപെടുത്തി എകെ ബാലൻ തരൂരിന്‍റെ ആദ്യ എംഎൽഎ ആയി. ആ തെരഞ്ഞെടുപ്പിൽ എ.കെ ബാലന് 64,175 (57.15 ശതമാനം) വോട്ടും എൻ.വിനേഷിന് 38,419 വോട്ടും ബിജെപി സ്ഥാനാർഥി എം ലക്ഷമണന് 5,385 (4.80) വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പ്
2016ലെ തെരഞ്ഞെടുപ്പിൽ 1,28,310 പേർ ( 78.13 ശതമാനം) വോട്ടുകൾ രേഖപെടുത്തി. കോൺഗ്രസിന്‍റെ സി. പ്രകാശിനെ 23,068 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജപെടുത്തി ബാലൻ വീണ്ടും തരൂരിന്‍റെ എംഎൽഎയും കേരളത്തിന്‍റെ നിയമ മന്ത്രിയുമായി. ആ തെരഞ്ഞെടുപ്പിൽ എ.കെ ബാലന് 67,047 (52.25) വോട്ടും കോൺഗ്രസ് സ്ഥാനാർഥി സി പ്രകാശിന് 43,979 (34.28)വോട്ടും ബിജെപി സ്ഥാനാർഥി കെ.വി ദിവാകരന് 15,493 (12.07) വോട്ടും ലഭിച്ചു.
2020-ലെ തദ്ദേശം
എട്ട് പഞ്ചായത്തുകളിൽ ആറെണ്ണം എൽഡിഎഫും രണ്ടെണ്ണം യുഡിഎഫും ഭരിക്കുന്നു.
എൽഡിഎഫ്: കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി
യുഡിഎഫ്: കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി
2021 ലെ സ്ഥാനാർഥികൾ
ഡി.വൈ.എഫ് ഐ ജില്ലാ പ്രസിഡന്‍റ് പി.പി സുമോദാണ് എൽഡിഎഫിന്‍റെ സ്ഥാനാർഥി. ചിറ്റൂർ നഗരസഭാ അധ്യക്ഷയും 2014 ലെ ആലത്തൂർ ലോക്സഭ സ്ഥാനാർഥിയുമായിരുന്ന കെ.എ ഷീബയാണ് യുഡിഎഫ് സ്ഥാനാർഥി. നിയോജകമണ്ഡലത്തിലെ സജീവ പ്രവർത്തകനായ കെ.പി ജയപ്രകാശനാണ് എൻഡിഎ സ്ഥാനാർഥി.