ആലപ്പുഴ : കായംകുളത്ത് യുഡിഎഫിന്‍റെ റോഡ് ഷോയ്ക്കിടെ അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന റൂട്ടിൽ നിന്ന് മാറി പ്രിയങ്ക പോയത് സ്ഥാനാർഥിയുടെ വീട്ടിലേക്ക്. കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ അമ്മയെ കാണാനും അവിടെ വിശ്രമിക്കാനുമാണ് പ്രിയങ്ക പോയത്.
മണിക്കൂറുകൾ നീണ്ട വിമാനയാത്രക്കിടെ ക്ഷീണിതയായ പ്രിയങ്ക കായംകുളത്തെത്തി ഉടന്‍ സ്ഥാനാർഥിക്കൊപ്പം റോഡ് ഷോയിൽ പങ്കുചേരുകയായിരുന്നു. ഇതിനിടെയിലാണ് ക്ഷീണം തോന്നിയ പ്രിയങ്ക തനിക്ക് വിശ്രമിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് കായംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ സൗകര്യം ഒരുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെയാണ് അരിതയുടെ വീട് അടുത്താണെന്ന് പ്രിയങ്ക അറിയുന്നത്.
വീട്ടിൽ അപ്പോള്‍ അമ്മ മാത്രമാണുള്ളത് എന്നറിഞ്ഞപ്പോൾ അവരെ കാണാനും വിശ്രമിക്കാനും അരിതയുടെ വീട്ടിലേക്ക് പോകാമെന്ന് പ്രിയങ്ക പറഞ്ഞു. ആദ്യം അരിതയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു പ്രിയങ്കയുടെ സന്ദർശനത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. ഇത് റോഡ് ഷോയുടെ റൂട്ട് സംബന്ധിച്ച് ആശയക്കുഴപ്പത്തിനിടയാക്കി.
പിന്നീട് വിവരമറിഞ്ഞ് നിരവധി പേരാണ് അരിതയുടെ വീട്ടിലേക്കെത്തിയത്. തുടര്‍ന്ന് പ്രിയങ്കയെ അമ്മയും അച്ഛനും ചേർന്ന് സ്വീകരിച്ചു. അല്‍പ്പസമയം അവിടെ ചെലവഴിച്ചശേഷം അവര്‍ക്കൊപ്പം ഫോട്ടോയും എടുത്തായിരുന്നു മടക്കം. വിജയിച്ച ശേഷം വീണ്ടും വരാമെന്ന് പ്രിയങ്ക ഉറപ്പും നല്‍കി.