കോഴിക്കോട്: തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാർച്ച് നടത്തി കേന്ദ്ര സേനാംഗങ്ങളും പൊലീസും. നാദാപുരം, കല്ലാച്ചി എന്നിവിടങ്ങളിലായാണ് മാർച്ച് നടത്തിയത്. നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ്‌പി പി.എ.ശിവദാസ്, സിഐ എൻ.കെ. സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനാംഗങ്ങളും എംഎസ്‌പി സേനാംഗങ്ങളും റൂട്ട് മാർച്ചിൽ പങ്കെടുത്തു. സംസ്ഥാന പാതയിൽ കല്ലാച്ചി ടൗണിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് നാദാപുരം ഗവ. ആശുപത്രി പരിസരം ചുറ്റി ബസ് സ്റ്റാന്‍റിന് സമീപം സമാപിച്ചു.
ചെക്യാട് ബിഎസ്എഫ് കേന്ദ്രത്തിലെ 185 ഡി കമ്പനി, ഡിവൈഎസ്‌പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 100 അംഗ സേനാംഗങ്ങളെയുമാണ് നാദാപുരം സബ് ഡിവിഷണൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. നാദാപുരം സ്റ്റേഷൻ പരിധിയിൽ നിലവിൽ എല്ലാ ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകളാണ്. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വളയം വെൽഫയർ ഗവ. എൽപി സ്‌കൂൾ, വിലങ്ങാട് സെന്‍റ് ജോർജ് ഹൈസ്‌കൂൾ, ഇന്ദിര നഗർ വില്ലേജ് ഓഫീസ് തുടങ്ങിയ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബൂത്തുകളും നാദാപുരം മണ്ഡലത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ റൂറൽ പരിധിയിൽ തികച്ചും സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താൻ ക്രമീകരണങ്ങൾ ആരംഭിച്ചതായി റൂറൽ എസ്‌പി ഡോ. എ.ശ്രീനിവാസ് പറഞ്ഞു.