എറണാകുളത്തെ കാർഷിക മേഖലയാണ് പിറവം. തിരു-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്നു പിറവം പ്രദേശം. പൊതുവെ യുഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന പിറവം യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുളള പ്രദേശം കൂടിയാണ്. വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും എറണാകുളം ജില്ലയില്‍ ഒന്നാം സ്ഥാനത്താണ് പിറവം മണ്ഡലം. പതിനൊന്ന് കാര്‍ഷിക പഞ്ചായത്തുകളും വ്യവസായ സ്ഥാപനങ്ങളുള്ള തിരുവാങ്കുളം ഡിവിഷനും ഉള്‍പ്പെട്ട മണ്ഡലമാണ് പിറവം.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമാണ് പിറവം. ടി.എം ജേക്കബ് എന്ന രാഷ്‌ട്രീയ നേതാവിന്‍റെ പ്രിയ മണ്ഡലമാണ് പിറവം. അഞ്ച് തവണ ടി.എം ജേക്കബിനെയും രണ്ടു തവണ അദ്ദേഹത്തിന്‍റെ മകൻ അനൂപ് ജേക്കബിനെയും നിയമസഭയിൽ എത്തിച്ചു. ഗോപി കോട്ടമുറിക്കലും എം.ജെ. ജേക്കബുമാണ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് പിറവത്ത് നിന്ന് ജയിച്ചവർ.
തിരുമാറാടി, പാമ്പാക്കുട, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി, മണീട്, ചോറ്റാനിക്കര, രാമമംഗലം, കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകളും പിറവം മുനിസിപ്പാലിറ്റിയും തിരുവാങ്കുളം ഡിവിഷനും അടങ്ങുന്നതാണ് പിറവം നിയോജക മണ്ഡലം.
മണ്ഡലത്തിന്‍റെ ചരിത്രം
1977 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം തുടങ്ങുന്നത്. 77-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്‍റെ ടി.എം ജേക്കബിനെ ആദ്യമായി നിയമസഭയിൽ എത്തിച്ചു. 1980 ൽ പിറവം ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് (യു) സ്ഥാനാർഥി പി.സി ചാക്കോയെ നിയമസഭയിൽ എത്തിച്ചു. 1982-ൽ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ പിറവത്ത് നിന്ന് വിജയിച്ചു. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ പിറവത്ത് ആദ്യമായി ചെങ്കൊടി പാറി. ഗോപി കോട്ടമുറിക്കൽ പിറവത്തിന്‍റെ എംഎൽഎ ആയി. 1991-ൽ ടി.എം ജേക്കബ് മണ്ഡലം തിരിച്ചു പിടിച്ചു. തുടർന്ന് 2006 വരെ ടി.എം ജേക്കബായിരുന്നു പിറവത്തിന്‍റെ എംഎൽഎ. 2006 ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ എം.ജെ ജേക്കബ് വീണ്ടും പിറവത്ത് ചെങ്കൊടി പാറിച്ചു. 2011-ൽ വീണ്ടും എംഎൽഎ ആയ ടി.എം ജേക്കബ് 2012-ൽ മരണപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മകൻ അനൂപ് എംഎൽഎ ആയി. തുടർന്ന് ഇതുവരെ അനൂപ് ജേക്കബ് ആണ് പിറവത്തിന്‍റെ എംഎൽഎ.
2019 ലെ ലോക്സഭ വോട്ടർപട്ടിക പ്രകാരം 1,99,144 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. ഇതിൽ 96,824 പുരുഷന്മാരും 1,02,320 സ്‌ത്രീകളും ഉൾപെടും.
2011 നിയമസഭാ തെരഞ്ഞെടുപ്പ്
79.37 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,39,928 പേർ വോട്ട് രേഖപെടുത്തി. 157 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.ജെ ജേക്കബിനെ പരാജയപെടുത്തി യുഡിഎഫ് സ്ഥാനാർഥി ടി.എം ജേക്കബ് മണ്ഡലം നിലനിർത്തി. ടി.എം ജേക്കബിന് 66,503 (47.53%)വോട്ടും എം.ജെ ജേക്കബിന് 66,346 (47.41%) വോട്ടും ബിജെപി സ്ഥാനാർഥി എം.എൻ മധുവിന് 4,234 (3.03%) വോട്ടും ലഭിച്ചു. 2011 ഒക്‌ടോബർ 30 ന് ടി.എം ജേക്കബ് അന്തരിച്ചു. തുടർന്ന് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നു.
2012 നിയമസഭാ ഉപതെരഞ്ഞെടുപ്പ്
ടി.എം ജേക്കബിന്‍റെ മരണത്തെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 86.30 ശതമാനം പോളിങ് നടന്നു. 1,56,683 പേർ വോട്ട് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ 12,071 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം.ജെ ജേക്കബിനെ പരാജയപെടുത്തി യുഡിഎഫ് സ്ഥാനാർഥിയും ടി.എം ജേക്കബിന്‍റെ മകനുമായ അനൂപ് ജേക്കബ് വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി. ഈ തെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബിന് 82,756 (52.81%) വോട്ടും എം.ജെ ജേക്കബിന് 70,686 (45.11%)വോട്ടും ബിജെപി സ്ഥാനാർഥി കെ.ആർ രാജഗോപാലിന് 3,241 (2.07%) വോട്ടും ലഭിച്ചു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
80.58 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,61,770 പേർ വോട്ടുകൾ രേഖപെടുത്തി. 6,195 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം.ജെ ജേക്കബിനെ പരാജയപെടുത്തി അനൂപ് ജേക്കബ് വീണ്ടും മണ്ഡലം നിലനിർത്തി. ഈ തെരഞ്ഞെടുപ്പിൽ അനൂപ് ജേക്കബിന് 73,770 (45.77%) വോട്ടും എം.ജെ ജേക്കബിന് 67,575 (41.93%) വോട്ടും എൻഡിഎ സ്ഥാനാർഥി ബി.ഡി.ജെ.എസിന്‍റെ സി.പി സത്യന് 17,503 (10.86%) വോട്ടും ലഭിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാൽ ഏറ്റവും വലിയ മുന്നേറ്റമാണ് എൻഡിഎ ഈ തെരഞ്ഞെടുപ്പിൽ നടത്തിയത്.
2020-ലെ തദ്ദേശ പോര്
രണ്ട് മുനിസിപ്പാലിറ്റികളും ഒമ്പത് ഗ്രാമപഞ്ചായത്തുകളും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ പെടുന്ന തിരുവാങ്കുളം ഡിവിഷനും ചേർന്നതാണ് പിറവം മണ്ഡലം. പിറവം, കൂതാട്ടുകുളം മുനിസിപ്പാലിറ്റികൾ എൽഡിഎഫ് ആണ് ഭരിക്കുന്നത്. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ ഏഴ് എണ്ണം യുഡിഎഫും രണ്ടെണ്ണം എൽഡിഎഫും ഭരിക്കുന്നു.
മുനിസിപ്പാലിറ്റി
പിറവം മുനിസിപ്പാലിറ്റി-എൽ ഡിഎഫ്
കൂതാട്ടുകുളം മുനിസിപ്പാലിറ്റി-എൽഡിഎഫ്
ഗ്രാമ പഞ്ചായത്ത്
ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് -യുഡിഎഫ്
മണീട് ഗ്രാമ പഞ്ചായത്ത് -യുഡിഎഫ്
പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് -യുഡിഎഫ്
രാമമംഗലം ഗ്രാമ പഞ്ചായത്ത് - യുഡിഎഫ്
ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് - യുഡിഎഫ്
എടയ്ക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത് - യുഡിഎഫ്
മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് - യുഡിഎഫ്
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് - എൽ.ഡി.എഫ്
തിരുമാറാടി ഗ്രാമ പഞ്ചായത്ത് - എൽഡിഎഫ്
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ പെടുന്ന തിരുവാങ്കുളം ഡിവിഷൻ- യുഡിഎഫ്
2021 ലെ തെരഞ്ഞെടുപ്പ്
അനൂപ് ജേക്കബ് തന്നെയാണ് യുഡിഎഫിന്‍റെ സ്ഥാനാർഥി. സിപിഎമ്മിന്‍റെ കൈവശമായിരുന്ന മണ്ഡലം ഇത്തവണ കേരള കോൺഗ്രസ് എമ്മിനാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്. സ്ഥാനാർഥി തർക്കങ്ങൾക്ക് ഒടുവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ.സിന്ധുമോൾ ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റും എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ എം ആശിഷാണ് എൻ.ഡി.എ സ്ഥാനാർഥി. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുളള പ്രദേശമായ പിറവത്ത് സഭയുടെ നിലപാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇടയുണ്ട്. അതിനാൽ ആരാകും ഇത്തവണ പിറവം വാഴുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
കൂടുതൽ വായനയ്ക്ക്:ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല: സിന്ധുമോൾ ജേക്കബ് കേരള കോൺഗ്രസായി