കോട്ടയം: അന്നംമുടക്കികള്‍ ആരാണെന്ന് ജനം തിരിച്ചറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് നൽകിവന്ന അരി, വിതരണം വൈകിപ്പിച്ച്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ഉപയോഗിച്ചു, ഇക്കാര്യം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് അരി കിട്ടാതെ വരില്ലെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയായിരുന്നെങ്കില്‍ ആ അരിയിൽ മണ്ണുവാരിയിട്ടേനെയെന്നും അദ്ദേഹം പരിഹസിച്ചു.
മാധ്യമ സർവേകൾ യുഡിഎഫ് പ്രവർത്തകരെ ഊർജസ്വലരാക്കി, പാർട്ടിക്ക് സാധിക്കാത്ത കാര്യം സർവേ കൊണ്ട് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലവും ഇരട്ട വോട്ട് ഉണ്ടാകാറുണ്ട്. എന്നാൽ ഒരേ ഫോട്ടോ ഉപയോഗിച്ച് അഞ്ച് കാർഡ് ഉണ്ടാക്കിയതില്‍ ഇലക്ഷൻ കമ്മീഷൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.