ആലപ്പുഴ: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിവാദം ഉയർത്തിയ ചെന്നിത്തലയുടെ അമ്മയ്ക്ക് തന്നെ രണ്ട് വോട്ടുകൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുടുംബത്തിലെ എല്ലാവരുടെയും വോട്ട് മാറ്റാൻ അപേക്ഷിച്ചതാണ്. അമ്മയുടേത് മാത്രം മാറാത്തത് എന്തുകൊണ്ടാണെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.
എല്ലാവരുടെയും വോട്ട് മാറ്റിയിട്ടുണ്ടെന്നും അമ്മയുടെ വോട്ടും ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് നാലരലക്ഷം ബോണസ് വോട്ടർമാരെ ചേർത്തിട്ടുണ്ട്. പിണറായി വിജയൻ നേരിട്ട് നിർദ്ദേശം നൽകിയാണ് ഈ കള്ളവോട്ടുകൾ ചേർത്തിട്ടുള്ളതെന്നും വോട്ട് അട്ടിമറി നടത്തി ഭരണതുടർച്ച നേടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇരട്ട വോട്ട് പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.