ക്രിസ്‌ത്യൻ സഭകളും എൻഎസ്എസ് ഉൾപ്പെടെയുളള സമുദായക സംഘടനകൾക്കും ശക്തമായ വേരോട്ടമുളള മണ്ഡലമാണ് ഇരിങ്ങാലക്കുട. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ലോനപ്പൻ നമ്പാടനും കേരളകോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ഉണ്ണിയാടനുമാണ് മണ്ഡലത്തെ ഏറ്റവും കൂടുതൽ തവണ പ്രതിനിധീകരിച്ചവർ.
ഇരിങ്ങാലക്കുട നഗരസഭയും ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളും ചേർന്നതാണ് ഇരിങ്ങാലക്കുട മണ്ഡലം.
മണ്ഡലത്തിന്‍റെ മനസ്
ജാതി മത കക്ഷികളുടെ തീരുമാനം അനുസരിച്ച് രാഷ്‌ട്രീയമാറ്റം സംഭവിക്കുന്ന മണ്ഡലമാണ് ഇരിങ്ങാലക്കുട. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ലോനപ്പൻ നമ്പാടനാണ് മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം പ്രതിനിധീകരിച്ചത്. നാലു തവണയാണ് നമ്പാടൻ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മൂന്ന് തവണയാണ് കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞതവണ നഷ്‌ടമായ മണ്ഡലം തിരിച്ചു പിടിക്കാൻ തീരുമാനിച്ചാണ് ഉണ്ണിയാടൻ ഇത്തവണ മത്സരിക്കുന്നത്. എൽഡിഎഫിനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ ഭാര്യയും സജീവ പാർട്ടി പ്രവർത്തകയും കേരള വർമ്മ കോളജിലെ പ്രിൻസിപ്പാളും ആയിരുന്ന ആർ. ബിന്ദുവാണ് സ്ഥാനാർഥി. കേരളത്തിന്‍റെ മുൻ ഡിജിപി ജേക്കബ് തോമസാണ് എൻഡിഎ സ്ഥാനാർഥി.
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സി. അച്യുത മേനോനെ വിജയിപ്പിച്ചു. 1960-ൽ നടന്ന തെരഞ്ഞെടുപ്പിലും അച്യുത മേനോൻ തന്നെയായിരുന്നു ഇരിങ്ങാലക്കുടയുടെ എംഎൽഎ. 1967-ൽ സിപിഐയുടെ സി.കെ രാജനും 1970-ൽ കേരള സോഷ്യലിസ്റ്റ് പാർട്ടിയുടെ സി.എസ്. ഗംഗാധരനും വിജയിച്ചു. 1977-ൽ കോൺഗ്രസിന്‍റെ സിദ്ധാർത്ഥനും 1980-ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ കോൺഗ്രസ്(യു) സ്ഥാനാർഥി ജോസ് താനിക്കലും വിജയിച്ചു. 1982 മുതൽ 2001 വരെ ലോനപ്പൻ നമ്പാടനായിരുന്നു ഇരിങ്ങാലക്കുടയുടെ എംഎൽഎ. 2001 മുതൽ 2016 വരെ തോമസ് ഉണ്ണിയാടൻ യുഡിഎഫിന് വേണ്ടി മണ്ഡലത്തിന്‍റെ എംഎല്‍എയായി. 2016 ലെ തെരഞ്ഞെടുപ്പിൽ തോമസ് ഉണ്ണിയാടനെ അട്ടിമറിച്ച് സിപിഎമ്മിന്‍റെ കെ.യു അരുണൻ വിജയിച്ചു.
2011 ലെ തെരഞ്ഞെടുപ്പ്
75.99 പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,32,379 പേർ വോട്ട് രേഖപെടുത്തി. 12,404 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഎമ്മിന്‍റെ കെ.ആർ വിജയെ പരാജയപെടുത്തി തോമസ് ഉണ്ണിയാടൻ മണ്ഡലത്തിൽ ഹാട്രിക്ക് വിജയം സ്വന്തമാക്കി. ആ തെരഞ്ഞെടുപ്പിൽ തോമസ് ഉണ്ണിയാടന് 68,445 (51.70 ശതമാനം) വോട്ടും കെ.ആർ വിജയക്ക് 56,041 (42.33) ബിജെപി സ്ഥാനാർഥി കെ.സി വേണുവിന് 6,669 (5.04) വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പ്
77.80 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 2,711 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോമസ് ഉണ്ണിയാടനെ പരാജയപെടുത്തി സിപിഎമ്മിന്‍റെ കെ.യു അരുണൻ ആദ്യമായി നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പിൽ കെ.യു അരുണന് 59,380 (40.00 ശതമാനം) വോട്ടും തോമസ് ഉണ്ണിയാടന് 57,019 (38.18) വോട്ടും ബിജെപി സ്ഥാനാർഥി സന്തോഷ് ചേർക്കളത്തിന് 30,420(20.37) വോട്ടും ലഭിച്ചു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്
ഇരിങ്ങാലക്കുട നഗരസഭയും ഏഴ് പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. ഇരിങ്ങാലക്കുട നഗരസഭ യുഡിഎഫും ഏഴ് പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കുന്നു.
ഇരിങ്ങാലക്കുട നഗരസഭ-യുഡിഎഫ്
ആളൂർ-എൽഡിഎഫ്
കാറളം- എൽഡിഎഫ്
കാട്ടൂർ-എൽഡിഎഫ്
മുരിയാട്-എൽഡിഎഫ്
പടിയൂർ-എൽഡിഎഫ്
പൂമംഗലം-എൽഡിഎഫ്
വേളൂക്കര-എൽഡിഎഫ്
2021 -ലെ സ്ഥാനാർഥികൾ
എ.വിജയരാഘവന്‍റെ ഭാര്യ ആർ.ബിന്ദു ആണ് എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് ജോസഫ് നേതാവും മുൻ എംഎൽഎയുമായിരുന്ന തോമസ് ഉണ്ണിയാടൻ യുഡിഎഫ് സ്ഥാനാർഥി. മുൻ ഡിജിപി ജേക്കബ് തോമസ് എൻഡിഎ സ്ഥാനാർഥി.