കൊൽക്കത്ത: ബിജെപി സ്ഥാനാർഥിയും മുൻ ക്രിക്കറ്റ് താരവുമായ അശോക് ദിണ്ടയെ അജ്ഞാത സംഘം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര റിസർവ് പൊലീസ് സേനയുടെ(സിആർപിഎഫ്) സുരക്ഷ ലഭ്യമാക്കുമെന്ന് ബിജെപി. പശ്ചിമ ബംഗാൾ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് അദ്ദേഹത്തിന് 'വൈ പ്ലസ്' സുരക്ഷ ഉറപ്പുവരുത്താൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
ചൊവ്വാഴ്‌ച മൊയ്‌നയിലെ പ്രചാരണത്തിനു ശേഷം മടങ്ങുകയായിരുന്ന ദിണ്ടയെ ഒരു സംഘം ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ കാറിലേക്ക് കല്ലെറിയുകയുമായിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന് തോളിൽ പരിക്കേറ്റു. ഇതിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നാണ് ബിജെപി ആരോപണം.
ഏപ്രിൽ ഒന്നിന് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മൊയ്‌ന നിയമസഭാ മണ്ഡലത്തിലേക്കുള്ള പോളിങ് നടക്കും. രണ്ടാം ഘട്ടത്തിൽ ബങ്കുര, സൗത്ത് 24 പർഗാനാസ്, പൂർബ മെഡിനിപൂർ, പാസ്‌ചിം മെഡിനിപൂർ എന്നീ ജില്ലകളിൽ നിന്നുള്ള 30 നിയമസഭാ മണ്ഡലങ്ങളിലെ 19 വനിതകളടക്കം 171 സ്ഥാനാർഥികളുടെ വിധി നിർണയിക്കും.
ശനിയാഴ്‌ച നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ 79.79 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. മെയ് 2ന് വോട്ടെണ്ണൽ നടക്കും.