കോഴിക്കോട്: എലത്തൂർ യുഡിഎഫ് സ്ഥാനാർഥി നിര്‍ണയവുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. കോഴിക്കോട് ഡിസിസി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തില്‍ എൻസികെ സ്ഥാനാര്‍ഥി സുൽഫിക്കർ മയൂരിക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി പിന്തുണ നല്‍കി.
ഉപാധികളോടെയാണ് പ്രശ്നം പരിഹരിച്ചതെന്ന് എംകെ രാഘവൻ എംപി മാധ്യമങ്ങളോട് വ്യക്തമാക്കി. സുൾഫിക്കർ മയൂരിയുടെ വിജയത്തിനായി യുഡിഎഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും നേതൃത്വത്തിന്‍റെ നിലപാടിൽ പൂർണതൃപ്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ വ്യത്യാസം സ്വഭാവികമെന്നും തർക്കം പരിഹരിച്ചതിൽ സന്തോഷമെന്നും സ്ഥാനാർഥിയായ സുൾഫിക്കർ മയൂരി പറഞ്ഞു. തർക്കങ്ങൾ അയഞ്ഞതോടെ എലത്തൂരിൽ മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
എൻസികെ സ്ഥാനാര്‍ഥിക്ക് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടും സുൾഫിക്കർ മയൂരിക്ക് പ്രാദേശിക ഘടകത്തിന്‍റെ എതിർപ്പുകൾ കാരണം മണ്ഡലത്തിൽ പ്രചാരണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. എംകെ രാഘവൻ എംപിയും നേരത്തെ മണ്ഡലത്തിലെ വിമത നീക്കത്തെ അനുകൂലിച്ച് മുന്നോട്ട് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പ്രശ്നപരിഹാരത്തിലാണ് സമവായമുണ്ടായത്.