തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാഘട്ടത്തില്‍ പ്രചാരണ രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സിപിഎം. നേതാക്കള്‍ വീട്ടുമുറ്റത്ത് എത്തിയുള്ള പ്രചാരണ രീതിക്കാണ് സിപിഎം തുടക്കം കുറിക്കുന്നത്. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഏപ്രില്‍ 1 മുതല്‍ വീട്ടു മുറ്റങ്ങളിലേക്ക് നേതാക്കള്‍ എത്തിയുള്ള പ്രചാരണം തുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പിബി അംഗങ്ങളും സംസ്ഥാന നേതാക്കളും വീടുകള്‍ സന്ദര്‍ശിക്കും. കഴിയുന്നത്ര വീടുകളില്‍ സന്ദര്‍ശനം നടത്താനാണ് നീക്കം. കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ താഴേ തട്ടിലേക്കിറങ്ങുന്നത്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ പരമാവധി വീട്ടുമുറ്റത്ത് എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള യുഡിഎഫിന്‍റെയും ബിജെപിയുടേയും പ്രചാരണങ്ങളെ നേരിടാനാണ് ഇത്തരമൊരു തന്ത്രം. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇതിനു ശേഷമാണ് പുതിയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യഘട്ട പ്രചാരണം എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. രണ്ടാംഘട്ട പ്രചാരണത്തിന് നാളെ തുടക്കമാവും.