സി.എഫ് തോമസിന്‍റെ സ്വന്തം ചങ്ങനാശ്ശേരി. കേരളത്തിലെ ആദ്യ സർക്കാരിനെ താഴെയിറക്കിയ വിമോചനസമരത്തിന് നേതൃത്വം നൽകിയ എൻഎസ്എസിന്‍റെയും കാതോലിക്ക സഭയുടെയും ആസ്ഥാനം. ഒരുപാട് രാഷ്‌ട്രീയ തീരുമാനങ്ങൾക്ക് വേദിയായ മണ്ഡലം കൂടിയാണ് ചങ്ങനാശ്ശേരി.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
യുഡിഎഫിന്‍റെ മണ്ഡലം, ശരിക്കും പറഞ്ഞാൽ കേരള കോൺഗ്രസിന്‍റെ കുത്തക മണ്ഡലം. കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാക്കന്മാരിൽ ഒരാളായ സി.എഫ് തോമസ് മരിക്കുന്നതു വരെ ഒമ്പത് തവണയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1980 മുതല്‍ സിഎഫ് തോമസാണ് ഇവിടെ എംഎല്‍എ. മണ്ഡലത്തിന്‍റെ ചരിത്രത്തിൽ രണ്ടു തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞത്. 1957ലും 1967 ലും.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് ചങ്ങനാശേരി നിയമസഭാമണ്ഡലം.
മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം
1957 മുതലാണ് മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐയുടെ കല്യാണകൃഷ്ണൻ നായർ വിജയിച്ചു. 1960-ൽ മണ്ഡലം ഭാസ്ക്കരൻ നായരിലൂടെ കോൺഗ്രസ് പിടിച്ചു. എന്നാൽ 1967-ൽ മണ്ഡലം കെ.ജി.എൻ നമ്പൂതിരിപ്പാടിലൂടെ സിപിഐ തിരിച്ചു പിടിച്ചു. 1970-ൽ കേരള കോൺഗ്രസ് നേതാവ് കെ.ജെ ചാക്കോയായിരുന്നു വിജയിച്ചത്. 1977ലും അദ്ദേഹം തന്നെയായിരുന്നു മണ്ഡലത്തിലെ എംഎൽഎ. 1980-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.എഫ് തോമസ് ആദ്യമായി ചങ്ങനാശ്ശേരിയുടെ എംഎൽഎ ആയി. തുടർന്ന് 2020 സെപ്തംബര്‍ 27 ന് അദ്ദേഹം മരിക്കുന്നതു വരെ മണ്ഡലത്തിന്‍റെ എംഎൽഎയായി.
2011ലെ തെരഞ്ഞെടുപ്പ്
2011 ല്‍ അതി ശക്തമായ പോരാട്ടമാണ് ചങ്ങനാശേരിയില്‍ നടന്നത്. 72.56 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,08,257പേർ വോട്ടുകൾ രേഖപെടുത്തി. 2,554 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സി.എഫ് തോമസ് സിപിഎമ്മിന്‍റെ ബി. ഇക്ബാലിനെ പരാജയപെടുത്തി. ഈ തെരഞ്ഞെടുപ്പിൽ സി.എഫ് തോമസിന് 51,019 (47.13) വോട്ടും ബി. ഇക്‌ബാലിന് 48,465 (44.17)വോട്ടും ബിജെപി സ്ഥാനാർഥി എം.ബി. രാജഗോപാലിന് 6,281 (5.80) വോട്ടും ലഭിച്ചു.
2016 ലെ തെരഞ്ഞെടുപ്പ്
2016ലും ചങ്ങനാശ്ശേരി മണ്ഡലത്തിൽ സി.എഫ് തോമസിന് ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നത്. 75.24 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ 1,25,793 പേർ വോട്ടുകൾ രേഖപെടുത്തി. 1,849 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സി.എഫ് തോമസിന്‍റെ വിജയം. ജനാധിപത്യ കോൺഗ്രസിന്‍റെ കെ.സി ജോസഫ് ആയിരുന്നു എതിരാളി. ഈ തെരഞ്ഞെടുപ്പിൽ സി.എഫ് തോമസിന് 50,371 (40.34) വോട്ടും കെ.സി ജോസഫിന് 48,522 (38.57) വോട്ടും ബിജെപിയുടെ ഏറ്റുമാനൂർ രാധാകൃഷ്‌ണന് 21,455 (17.06)വോട്ടും ലഭിച്ചു. 2020 സെപ്തംബര്‍ 27 ന് സി.എഫ് തോമസ് അന്തരിച്ചു.
2020-ലെ തദ്ദേശം
ചങ്ങനാശ്ശേരി നഗരസഭ യുഡിഎഫ് ഭരിക്കുന്നു
അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നാലെണ്ണം എൽ.ഡി.എഫും ഒരെണ്ണം യുഡിഎഫും ഭരിക്കുന്നു.
വാഴപ്പള്ളി-യുഡിഎഫ്
കുറിച്ചി-എൽഡിഎഫ്
മാടപ്പള്ളി-എൽഡിഎഫ്
പായിപ്പാട്-എൽഡിഎഫ്
തൃക്കൊടിത്താനം-എൽഡിഎഫ്
2021ലെ തെരഞ്ഞെടുപ്പ്
ഇത്തവണ ജോസ്- ജോസഫ് പോരാട്ടമാണ് ചങ്ങനാശ്ശേരിയിൽ നടക്കുന്നത്. യുഡിഎഫിനു വേണ്ടി സ്വന്തം നാട്ടുകാരൻ വി.ജെ ലാലിയാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിന് വേണ്ടി കേരള കോൺഗ്രസ് (എം) നേതാവ് ജോബ് മൈക്കിളും മത്സരിക്കുന്നു. ഇരുവർക്കും ആദ്യ പോരാട്ടമാണ്. ബിജെപിക്കു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി. രാമൻ നായർ മത്സരിക്കുന്നു. ശബരിമല വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ട സ്ഥലം എന്ന രീതിയിൽ ഇത്തവണ ത്രികോണ മത്സരം ആകാനാണ് സാധ്യത.