ഇടുക്കി: തെരഞ്ഞെടുപ്പ് ദിനത്തിലും ഇടുക്കിയില്‍ ഇരട്ടവോട്ട് വിവാദം ആരോപിച്ച് വിവിധ പാർട്ടി പ്രവർത്തകർ രംഗത്ത്. തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ സമാധാനപരമായിരുന്നുവെങ്കിലും പിന്നീട് അതിര്‍ത്തി മേഖല വിവാദത്തിനും സംഘര്‍ഷത്തിനും വഴിമാറി.
തമിഴ്‌നാട്ടിൽ നിന്നും തേവാരംമേട് വഴി നെടുങ്കണ്ടത്തേയ്ക്ക് എത്തിയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിലുള്ളവർ ഇരട്ടവോട്ട് ചെയ്യാനെത്തിയതാണെന്നും തമിഴ്‌നാട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തിയതിന്‍റെ മഷി മായ്ക്കുന്നതിന് ഇവര്‍ ശ്രമിച്ചുവെന്നുമായിരുന്നു ആരോപണം. സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിലെത്തിയ 14പേരെ കസ്‌റ്റടിയിൽ എടുത്തു. എന്നാൽ ഇവർ തമിഴ്‌നാട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തിയെന്നതിന് വ്യക്തമായ തെളുവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൂടാതെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. കമ്പംമെട്ടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്ന വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. രണ്ട് വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി. അതേസമയം ബൈസണ്‍വാലി റ്റി കമ്പനിയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികയുടെ പേരില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി.
റ്റീ കമ്പനി സ്വദേശി ലീലാമ്മ ലൂക്കോസിന്‍റെ വോട്ടാണ് ഇവരറിയാതെ പോസ്റ്റല്‍ വോട്ടായി രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് നേരത്തെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന വിവരം അറിയുന്നതെന്ന് ലീലാമ്മ പറഞ്ഞു. ഇതോടെ അതിര്‍ത്തി മേഖലയിലും ചെക്ക് പോസ്റ്റുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചെക്ക് പോസ്റ്റുകളുടെ നിയന്ത്രണം കേന്ദ്ര സേനയുടെ കീഴിലാക്കിയതായും വിവരമുണ്ട്.