നാഗോൺ (അസം) : കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷന് തീയിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സെൻട്രൽ അസമിലെ നാഗോൺ ജില്ലയിലെ ബട്ടദ്രാവ പ്രദേശത്ത് ശനിയാഴ്‌ചയാണ് (21.05.2022) സംഭവം.
സഫിഖുൾ ഇസ്ലാം എന്നയാളെ ബട്ടദ്രാവയിൽ നിന്ന് വെള്ളിയാഴ്‌ച രാത്രി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബിസിനസ് ആവശ്യത്തിനായി ബട്ടദ്രാവയിൽ നിന്ന് ശിവസാഗറിലേക്ക് പോകും വഴിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത് എന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇയാളെ വിട്ടയക്കാൻ കൈക്കൂലിയായി പതിനായിരം രൂപയും താറാവിനെയും നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു.
പൊലീസ് പറഞ്ഞത് പ്രകാരം താറാവിനെ സഫിഖുൾ ഇസ്ലാമിന്‍റെ ഭാര്യ നൽകിയെങ്കിലും 10,000 രൂപ നൽകാൻ കഴിഞ്ഞില്ല. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് കുടുംബം നോക്കിനിൽക്കെ പൊലീസ് ഇസ്‌ലാമിനെ നിഷ്‌കരുണം മർദ്ദിച്ചതായാണ് ആരോപണം. തുടർന്ന് വീട്ടുകാർ പണം സ്വരൂപിച്ച് പൊലീസുകാരെ സമീപിച്ചെങ്കിലും ഇസ്ലാമിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കുടുംബം ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇസ്ലാം മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇസ്ലാമിന്‍റെ മരണത്തിൽ പ്രകോപിതരായ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും മറ്റ് പ്രദേശവാസികളും പൊലീസ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് സ്റ്റേഷന് തീയിടുകയായിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അക്രമവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടുമെന്നും, പൊലീസ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് സൂപ്രണ്ട് ലിനി ഡോളി പറഞ്ഞു. പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌പി പറഞ്ഞു.
Also read: നീലേശ്വരം പൊലീസ് സ്റ്റേഷൻ ഹോംഗാർഡിന്‍റെ വീടിന് നേരെ കല്ലേറ്