ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയില്‍ വീടിനോട് ചേര്‍ന്ന് തുടലില്‍ കെട്ടി തൂക്കിയ നിലയില്‍ യുവാവിന്‍റെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയെന്നും പൊലീസ്. കോളനി സ്വദേശി തരുണിനെയാണ് (23) വെള്ളിയാഴ്‌ച വെെകുന്നേരം 6ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. തരുണിന്‍റെ വീട്ടില്‍ ഫോറന്‍സിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയത്തിനിടയാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല.
ഞായറാഴ്‌ച ഉച്ചയോടെ തരുണിന്‍റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വെെകുന്നേരത്തോടെ അടിമാലിയിലെ വെെദ്യുത ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തി. തരുണിന്‍റെ ദേഹത്ത് തീപ്പൊള്ളലേറ്റ മുറിവുകളല്ലാതെ പിടിവലിയുണ്ടായതിന്‍റെ ലക്ഷണം ഇല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍ പൊലീസിനോട് പറഞ്ഞത്. ശരീരത്തിലും തലയിലും തീപ്പൊള്ളലേറ്റതാണ് മരണ കാരണം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. വീടിന്‍റെ ജനാലയില്‍ കെട്ടിയ തുടല്‍ ശരീരത്തിലെ ബെല്‍റ്റുമായി ബന്ധിച്ച ശേഷം മണ്ണെണ്ണ പോലുള്ള ദ്രാവകം ദേഹത്ത് ഒഴിച്ച് തരുണ്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. ബിരുദം പൂര്‍ത്തിയാക്കിയ തരുണ്‍ തുടര്‍പഠനം നടത്താന്‍ കഴിയാത്തതും ഹൃദ്രോഗ ബാധയും മൂലം കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഏതാനും മാസം മുന്‍പ് പ്രണയ ബന്ധം തകര്‍ന്നതും രോഗബാധ മൂലം മുത്തശ്ശി അമ്മിണി കിടപ്പിലായതും തരുണിനെ മാനസികമായി തളര്‍ത്തി. മാസങ്ങളായി അമ്മിണിയെ പരിചരിക്കുന്നത് തരുണായിരുന്നു. ഇത്തരം ആത്മ സംഘര്‍ഷങ്ങളെല്ലാം തരുണിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പൊലീസ് പറയുന്നത്.