കണ്ണൂര്‍: ട്രെയിനില്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.എം ജാഫറാണ് അറസ്റ്റിലായത്. ഇന്ന് (സെപ്‌റ്റംബര്‍ 22) രാവിലെയാണ് സംഭവം.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസില്‍ മാരക മയക്ക് മരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പരിശോധന ഭയന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്ന് 600 ഗ്രാം മയക്ക് മരുന്ന് കണ്ടെത്തിയത്. വിപണിയില്‍ 1 കോടി വിലമതിക്കുന്ന മയക്ക് മരുന്നാണിത്. ഡല്‍ഹിയില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങി കോഴിക്കോടെത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.