എറണാകുളം: കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമനെയാണ് (29) ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി ജയിലിലടച്ചത്. ആലപ്പുഴയില്‍ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമ്പാശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്‌തത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളിൽ നെടുമ്പാശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് വിനു.
2019 നവംബറിൽ അത്താണിയിൽ ബിനോയ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇയാൾക്ക് ഈ കേസിന്‍റെ വിചാരണ തീരും വരെ എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂണിൽ ഇയാൾ ജില്ലയിൽ പ്രവേശിച്ചിരുന്നു.
തുടർന്ന് ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശ്ശേരി മുതലാളി പീടിക ഭാഗത്തെ ഒരു കടയിൽ അതിക്രമിച്ച് കയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ പരിധിയിൽ ഈ വർഷം 62 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചിട്ടുണ്ട്. 36 പേരെ നാട് കടത്തുകയും ചെയ്‌തു.