ഇടുക്കി: ഉപ്പുതറയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ മരണം സ്ത്രീധനത്തെ ചൊല്ലിയും, അല്ലാതെയുമുള്ള പീഡനം മൂലമാണന്ന ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് ജോബിഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഹെലിബറിയ സ്വദേശി എം കെ ഷീജയാണ് ആത്മഹത്യ ചെയ്‌തത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്(09.09.2022) വളകോട് ജോബിഷിന്‍റെ ഭാര്യ ഷീജയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണാക്കുറ്റം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റർ ചെയ്‌തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജോബിഷിനെ അറസ്റ്റ് ചെയ്‌തത്. ഭർത്താവിന്‍റെ വീട്ടുകാരിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 10 മാസം മുന്‍പാണ് ജോബിഷും, ഷീജയും വിവാഹിതരായത്. ഇക്കാകാലയളവിൽ മദ്യപിച്ചെത്തുന്ന ഭർത്താവ് സ്ത്രീധനത്തെ ചൊല്ലി ഷീജയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്നാണ് വീട്ടുകാരുടെ ആരോപണം.
Also read: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം