ഭാവ്നഗർ (ഗുജറാത്ത്) : കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് നായ്ക്കുട്ടിയെ എറിഞ്ഞ് കൊന്നുവെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിലാണ് സംഭവം. ശനിയാഴ്‌ചയാണ് ആശ ലുംബ എന്ന യുവതി നായ്ക്കുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് നിലംബോഗ് പൊലീസ് പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 429 (മൃഗങ്ങളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യൽ) എന്നിവ പ്രകാരം ആശയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മേഖലയിലെ മൃഗ സംരക്ഷകയായ സ്ത്രീയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.