കൊല്ലം : വിസ്‌മയ കേസില്‍ തിങ്കളാഴ്‌ച കൊല്ലം അഡീഷണല്‍ ജില്ല കോടതി വിധി പറയും. വിസ്‌മയയുടേത് സ്‌ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്‌മയ ആത്മഹത്യ ചെയ്‌തത്. വിസ്‌മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ പ്രാസിക്യൂഷൻ സമര്‍പ്പിച്ചത്.
Also read: വിസ്‌മയ കേസ്: കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
102 സാക്ഷികളും, 92 റെക്കോര്‍ഡുകളും, 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമാണ്. സ്‌ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് വിസ്‌മയയുടെ ഭർത്താവ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം ഫോൺ സംഭാഷണങ്ങൾ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗം വാദം. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായ കിരണ്‍കുമാറിനെ സംഭവത്തെത്തുടര്‍ന്ന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഒൻപത് മാസമായി ജയിലിലായിരുന്ന ഇയാള്‍ക്ക് സുപ്രീംകോടതി അടുത്തിടെ ജാമ്യം അനുവദിച്ചിരുന്നു.