തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. മന്ത്രി തലസ്ഥാനത്തെത്തുമ്പോള്‍ താമസിക്കുന്ന തിരുവനന്തപുരം കൊച്ചുള്ളൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ടിസി-യു 7/1457/ 1 മകയിരം എന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെ അക്രമി വീടിനുള്ളില്‍ അതിക്രമിച്ചു കടന്നുവെന്നാണ് കരുതുന്നത്.
സംഭവം നടക്കുമ്പോള്‍ മന്ത്രിയോ ജോലിക്കാരോ വീടിനുള്ളിലുണ്ടായിരുന്നില്ല. മോഷണ ശ്രമമോ രാഷ്ട്രീയ വൈരാഗ്യമോ ആകാം അക്രമത്തിനു പിന്നിലെന്നാണ് അനുമാനം. വീടിന്‍റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ ആക്രമണത്തിൽ തകര്‍ന്നു. അക്രമിയുടേതെന്നു കരുതുന്ന ചോരപ്പാടുകളും വീടിനു മുന്നിലെ പോര്‍ട്ടിക്കോയില്‍ തളം കെട്ടിക്കിടപ്പുണ്ട്. വീടിന് പുറകുവശത്തുകൂടി മുകളിലേക്ക് കയറാന്‍ ശ്രമം നടന്നിട്ടുണ്ട്. കല്ലുപയോഗിച്ച് വീടിന്‍റെ വാതില്‍ തല്ലിപ്പൊളിച്ചാണ് അകത്ത് കയറിയത്.
ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്‍റ് കൂടിയാണ് വി മുരളീധരൻ. സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും എത്തി തെളിവെടുത്തു. പൊലീസിന്‍റെ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് ബിജെപി ആരോപിച്ചു. അക്രമികളാരെന്നും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്നും വ്യക്തമാക്കേണ്ടത് പൊലീസ് ആണെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു. സംസ്ഥാനത്തെത്തുന്ന കേന്ദ്രമന്ത്രിക്ക് കേരള പൊലീസ് മതിയായ സംരക്ഷണം നല്‍കാറില്ലെന്നും രാജേഷ് ആരോപിച്ചു. സംഭവമറിഞ്ഞ് നിരവധി ബിജെപി നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.