കണ്ണൂര്‍: കുടിയാന്‍മലയില്‍ വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കായാലംപാറ സ്വദേശികളായ ജോബിന്‍, സര്‍ജറി അസിസ്റ്റന്‍റായി ജോലി ചെയ്‌തുവരുന്ന ജസ്റ്റിന്‍ മാത്യു എന്നിവരെയാണ് കുടിയാന്‍മല പൊലീസും ലഹരിവിരുദ്ധ സക്വാഡും ചേര്‍ന്ന് പിടികൂടിയത്. 2.9 ഗ്രാം എംഡിഎംഎയ്‌ക്കൊപ്പം ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനവും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മംഗലാപുരത്ത് നിന്ന് എംഡിഎംഎ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് കണ്ടെത്തി. ജില്ലയിലെ മലയോരമേഖലയില്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പ്പന്ന നടത്തുന്ന സംഘത്തില്‍പ്പെട്ട കണ്ണികളാണ് ഇവരെന്നും പിടിയിലായതെന്നും അന്വേഷണസംഘം വ്യക്തമാക്കി. കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിങ് കോളജ് പരിസരം, ചേപ്പറമ്പ, ശ്രീകണ്ഠാപുരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.