പാലക്കാട്: ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്‍റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന 2,815 കിലോ തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശിയായ മുന്‍ മേഖല പ്രസിഡന്‍റ് ഷെമീറും പിതാവും ചേര്‍ന്നാണ് വാളയാര്‍ ഡാം റോഡിലെ നാലു സെന്‍റ് കോളനിയോട് ചേര്‍ന്ന ഷെഡില്‍ അരി സൂക്ഷിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് 56 ചാക്കുകളിലായി സൂക്ഷിച്ച അരി കണ്ടെടുത്തത്.
സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് റേഷനരി ശേഖരിച്ച് കേരളത്തിലെത്തിച്ച് ഗോഡൗണില്‍ സൂക്ഷിക്കുകയും, പിന്നീട് കഞ്ചിക്കോട്ടെ മില്ലില്‍ എത്തിച്ച് പോളിഷ് ചെയ്‌ത് വിവിധ പേരുകളില്‍ പാക്കറ്റിലാക്കി വിപണിയില്‍ നല്‍കുകയും ചെയ്യും. പത്ത് വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തില്‍ അരി കടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പരിശോധന റിപ്പോര്‍ട്ട് കലക്‌ടര്‍ക്ക് കൈമാറുമെന്നും അവശ്യസാധന നിയമ പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. വാളയാർ എസ്.ഐ ആർ.രാജേഷ്, താലൂക്ക് സപ്ലൈ ഓഫിസർ ജെ.എസ്. ഗോകുൽദാസ് എന്നിവരുടെ നേതൃത്വത്തില്‍ സീനിയർ സി.പി.ഒ.മാരായ എം. ശ്രീജിത്ത്, പി.സി. ഷൈനി, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ എസ്. രഞ്‌ജിത്ത്, ആർ. ബിലാൽ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
also read: റേഷന്‍ അരി മറിച്ചുവിറ്റ സംഭവം; ഗോഡൗണ്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്‌തു