പാലക്കാട്: മുട്ടികുളങ്ങരയില്‍ കെ എ പി രണ്ട് ബറ്റാലിയന്‍ ക്യാമ്പിന് സമീപം പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഹവീല്‍ദര്‍മാരായ എലവഞ്ചേരി അശോകൻ (35), തരൂർ അത്തിപ്പൊറ്റ മോഹൻദാസ് (36) എന്നിവരെയാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാവിലെ ഒമ്പതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ക്യാമ്പിന്‍റെ ചുറ്റുമതിലില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ബുധനാഴ്‌ച രാത്രി 9.30ഓടെ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് പൊലീസ് ക്യാമ്പ് സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാടത്തെ വരമ്പിനോട് ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
ക്യാമ്പിന്‍റെ മതിലില്‍ നിന്ന് ഇവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ശരീരത്തില്‍ പൊള്ളലേറ്റതിന്‍റെ പാടുകളുണ്ട്.
ജോലിയ്ക്ക് ശേഷം മീന്‍ പിടിക്കുന്നതിനോ മറ്റോ പുറത്ത് പോയതാവാമെന്നാണ് പൊലീസ് നിഗമനം. അതേ സമയം, മൃതദേഹത്തിന് ചുറ്റുവട്ടത്ത് നിന്ന് വൈദ്യുതി ഷോക്ക് സംശയിക്കത്തക്ക തെളിവുകൾ ഒന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. മറ്റെവിടെയെങ്കിലും വച്ച് ഷോക്കേറ്റ ഇരുവരെയും ഇവിടെ കൊണ്ടു വന്നിട്ടതാണെയെന്നും സംശയിക്കുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, കെ.എ.പി.രണ്ട് ബറ്റാലിയൻ കമാണ്ടര്‍ അജിത്ത് കുമാർ എന്നിവർ സംഭവസ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്വകാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചു.
also read: കാല്‍ തെന്നി വീണു; ഐ ബി അസിസ്റ്റന്‍റ് ഡയറക്‌ടര്‍ അമിരേഷ് കുമാര്‍ അന്തരിച്ചു; മരണം അവലോകന യോഗത്തിനിടെ