മലപ്പുറം: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പടിയില്‍. മുണ്ടുപറമ്പ് സ്വദേശികളായ ബ്രികേഷ് (36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും മാരകശേഷിയുള്ള 12ഗ്രാം ക്രിസ്റ്റൽ എം.ഡി.എം.എ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ)യും 70 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ജില്ലയില്‍ എത്തിയതായി പൊലീസ് അറിയിച്ചു. പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് മയക്കുമരുന്ന് എത്തുന്നതെന്നാണ് പൊലീസ് നിഗമനം.
Also Read: ഇവിടെയിനി കുറച്ച് മനുഷ്യർ മാത്രം, വിസ്‌മൃതിയിലേക്ക് മറയുന്ന കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റ്
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ മയക്കുമരുന്ന് സംഘങ്ങളിൽ നിന്നുമാണ് മയക്കുമരുന്ന് വാങ്ങുന്നത്. ഇത് വിൽപനക്കാർക്ക് ട്രെയിൻ മാർഗവും പ്രത്യേക കാരിയർമാർ വഴിയും എത്തിച്ചു കൊടുക്കും. ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന കോളജ് വിദ്യാർഥികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ജില്ല പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.