എറണാകുളം: അന്ധവിശ്വാസത്തിൻ്റെ പേരിൽ ട്രാൻസ് ജെൻഡർ യുവതിയുടെ കൈ വെളളയിൽ വെച്ച് കർപ്പൂരം കത്തിച്ചതായി പരാതി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിയായ അഹല്യ കൃഷ്‌ണയ്ക്കാണ് പരിക്കേറ്റത്. അഹല്യയുടെ കൈ വെളള പൂർണ്ണമായും പൊള്ളലേറ്റ് വികൃതമായ നിലയിലാണ്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തു.
ഡിസംബർ 15ന് എറണാകുളം മരോട്ടിച്ചുവടിൽ അഹല്യ താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കൊല്ലം സ്വദേശിയായ അർപ്പിതയെന്ന മറ്റൊരു ട്രാൻസ് യുവതി നിർബന്ധിച്ച് കയ്യിൽ വെച്ച് കർപ്പൂരം കത്തിച്ചെന്നാണ് പരാതി. ശരീരത്തിലെ ബാധ ഒഴിവാക്കാനെന്ന പേരിലാണ് കർപ്പൂരം കത്തിച്ചതെന്നാണ് അഹല്യ പൊലീസിന് മൊഴിനൽകിയത്.
കുടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രതി അവരെ അസഭ്യം പറഞ്ഞ് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവം പുറത്ത് അറിയാതിരിക്കാൻ ആശുപത്രിയിൽ പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ചികിത്സ തേടിയതെന്നും പരാതിയില്‍ പറയുന്നു. ആരോപണ വിധേയയായ ട്രാൻസ് യുവതിയുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും.