ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ 42കാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
കോട്ടബാഗിലെ ചാന്ദ്പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന് സമീപമാണ് സംഭവം. റിസോര്‍ട്ടില്‍ ജോലിക്കെത്തിയ ബിഹാര്‍ കതിഹാര്‍ സ്വദേശികളുടെ കുഞ്ഞാണ് ബലാത്സംഗത്തിന് ഇരയായത്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു കുടുംബം.
മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് കുടിലില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ കോട്ടബാഗിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് മികച്ച ചികിത്സ നല്‍കുന്നതിനായി സുശീല തിവാരി ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോക്സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കലദുങ്കി പൊലീസ് സ്റ്റേഷൻ ഇൻചാർജ് നന്ദൻ സിങ് റാവത്ത് പറഞ്ഞു.