തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലും പരിസരത്തുമായി മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു. വെട്ടുകാട് പുളിഞ്ചോട്ടിലുള്ള ചിറയത്ത് ജിബിൻ ജോസ് (34), ആശാരിക്കാട് വാഴപ്ലാക്കൽ റിജോ സിറിയക് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ വിഷുവിന്‍റെ തലേന്ന് പെസഹ ദിനത്തിലാണ് അടുത്തുള്ള ബേക്കറി-കൂൾഡ്രിംഗ്‌സ് കടയിൽ നിന്നും സോഡാ വാങ്ങിക്കുടിച്ച ശേഷം മോട്ടോർ സൈക്കിളിൽ വന്ന രണ്ടു പേർ കടക്കാരിയായ 63 വയസ്സുകാരിയുടെ മൂന്നര പവന്‍റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് മണ്ണുത്തി, പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന സംഭവങ്ങൾ ഉണ്ടായതോടെ തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ ഐപിഎസിന്‍റെയും തൃശ്ശൂർ എസിപി വികെ രാജുവിന്‍റെയും നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
നഗരത്തിലും പരിസരത്തുമുള്ള നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ചചെയ്‌ത സ്വർണ്ണമാലകൾ പ്രതികൾ ഒല്ലൂരിലുള്ള ആഭരണ നിർമ്മാണശാലയിലാണ് വിൽപ്പന നടത്തിയത്. കവർച്ചക്കിടെ പൊട്ടിയ മാല വെട്ടുകാടുള്ള സ്വർണപ്പണിക്കാരന്‍റെ കയ്യിൽ ഭാര്യയുടെ ആഭരണം എന്ന് പറഞ്ഞു വിളക്കിയ ശേഷം ആണ് ഒല്ലൂർ മരത്താക്കരയിലുള്ള കടയിൽ വിൽപ്പന നടത്തിയത്.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ടിജി ദിലീപ്, സബ് ഇൻസ്പെക്‌ടർ അനിൽ, ഷാഡോ പൊലീസ് അംഗങ്ങളായ പ്രദീപ്, സുനീബ്, നെടുപുഴ സ്റ്റേഷനിലെ രതീഷ് മാരാത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരടങ്ങുന്ന ടീമാണ് പ്രതികളെ പിടികൂടിയത്.
Also read: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ