തിരുവനന്തപുരം: വിനോദയാത്ര കഴിഞ്ഞെത്തിയ സ്‌കൂൾ സംഘത്തെ രാത്രിയിൽ നഗരമധ്യത്തിൽ തടഞ്ഞുനിർത്തിയതായി പരാതി. ഫോർട്ട് ഗേൾസ് മിഷൻ എച്ച്എസ്എസിൽ നിന്നും കോട്ടയത്തേക്ക് ടൂർ പോയി മടങ്ങിയെത്തിയ സംഘത്തെയാണ് ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെട്ടെത്തിയ സംഘം തമ്പാനൂർ ഓവർ ബ്രിഡ്‌ജിനു സമീപം തടഞ്ഞു നിർത്തി ശല്യം ചെയ്‌തത്. ബസ് അമിത വേഗത്തിലായിരുന്നുവെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു യുവാക്കൾ ബസ് തടഞ്ഞ് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും തടഞ്ഞുവച്ചത്.
എന്നാൽ യുവാക്കൾ ദീർഘദൂരം തങ്ങളെ പിന്തുടർന്നു ശല്യം ചെയ്യുകയായിരുന്നുവെന്ന് അധ്യാപകരും കുട്ടികളും പറഞ്ഞു. ഡ്രൈവറെയടക്കം അസഭ്യം പറഞ്ഞതായും സ്‌കൂളിലേക്ക് ബസ് എത്തിയ സമയത്തും സംഘം പിന്തുടർന്നു ഒരു മണിക്കൂറോളം സ്‌കൂൾ അധികൃതരുമായി വാക്കുതർക്കമുണ്ടാക്കിയതായി ഇവര്‍ വ്യക്തമാക്കി. ഫോർട്ട് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഘം പിൻവാങ്ങിയത്. തുടര്‍ന്ന് സ്‌കൂൾ അധികൃതർ ഫോർട്ട് പൊലീസിൽ പരാതി നൽകി. യുവാക്കളെ ഉടൻ കസ്‌റ്റഡിയിലെടുക്കുമെന്നു ഫോർട്ട് സിഐയും ഡിവൈഎസ്‌പിയും അറിയിച്ചു.