തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. റിമാന്‍ഡ് പ്രതിയായ ബിജുവാണ് (47) മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ജയിൽ സെല്ലില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 5.45 ഓടെ ജയില്‍ ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയത്. ഉടനെ തന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ 6.30 നാണ് ബിജുവിന്‍റെ മരണം രേഖപ്പെടുത്തിയത്.
പോത്തൻകോട് സ്വദേശിയായ ഇയാളെ മോഷണശ്രമത്തിന് നവംബർ 24 നാണ് റിമാൻഡ് ചെയ്‌തത്. നവംബർ 26 ന് സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം ഇയാൾക്ക് വിഷാദ രോഗത്തിന് കൗൺസിലിങ് ലഭിച്ചിരുന്നതായി ജയിൽ സുപ്രണ്ട് പറഞ്ഞു. മാത്രമല്ല എച്ച്ഐവി രോഗിയായിരുന്ന ബിജു വയറിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുമായിരുന്നു.
അമ്മയെ പിരിഞ്ഞ ശേഷം രോഗാവസ്ഥ കാരണം ഏറെ നാളായി ഇയാളില്‍ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണപ്പെട്ടതിനാല്‍ ജയിൽ സൈക്കോളജിസ്‌റ്റ് ഡോ.ജിജി മേരിയുടെ കൗൺസിലിങിലായിരുന്നു ബിജുവെന്നാണ് ജയില്‍ അധികൃതർ പറയുന്നത്. മരണത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കസ്‌റ്റഡിയിലിരിക്കെ മരണപ്പെട്ടതിനാൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശപ്രകാരം മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘം മരണത്തിൽ അന്വേഷണം നടത്തും.