എറണാകുളം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. സിംബാബ്‌വെയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് അന്താരാഷ്‌ട്ര വിപണിയില്‍ അറുപത് കോടി രൂപ വില വരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തത്. സിയാല്‍ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് 30 കിലോ ഗ്രാം തൂക്കമുണ്ട്. യാത്രക്കാരനില്‍ നിന്നും കണ്ടെത്തിയ ലഹരിമരുന്ന് മെഥാ ക്വിനോള്‍ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് കസ്‌റ്റംസ് നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍. പിടിച്ചെടുത്ത ലഹരിവസ്‌തുവിന്‍റെ സാമ്പിള്‍ തുടര്‍ പരിശോധനയ്‌ക്കായി സർക്കാർ കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി.
കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. അത്യാധുനിക 'ത്രി ഡി എം ആർ ഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്‍റെ തന്നെ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യാത്രക്കാരന്‍റെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.