കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്‌ടാവ് അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്താണ് പിടിയിലായത്.
കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണങ്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം, ചെങ്ങമനാട് കല്ലൂർ കാവ് ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രം, ഇരണൂർ ദുർഗ ദേവിക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ താമസിച്ച് ക്ഷേത്രങ്ങളിൽ കവർച്ച നടത്തുകയാണ് പ്രതിയുടെ മോഷണ രീതി എന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിൽ നിന്ന് മോഷ്‌ടിച്ച തിരുവാഭരണങ്ങളും, പണവും പ്രതിയിൽ നിന്നും കണ്ടെടുത്തു. നിരവധി മോഷണക്കേസിൽ പിടിക്കപ്പെട്ട ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച ശേഷവും മോഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് 30നാണ് ഇയാൾ ഒടുവിൽ ജയിൽ മോചിതനായത്. ക്ഷേത്രത്തിലെ പൂജാരിയായി ജോലി നോക്കിയിട്ടുള്ള ഇയാൾ എട്ട് ക്ഷേത്രങ്ങളിലാണ് കവർച്ച നടത്തിയത്.
Also read: അടൂര്‍ ബെവ്റേജസ് ഔട്ട്‌ലെറ്റില്‍ മോഷണം ; മദ്യം മാത്രമല്ല സിസിടിവിയടക്കം കവര്‍ന്നു