പാലക്കാട്: ആര്‍ എസ് എസ് നേതാവായ എ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വ്യാഴാഴ്‌ച കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ മുണ്ടൂർ ഒമ്പതാം മൈൽ അബ്ദുൽ ഖാദർ ( ഇക്‌ബാൽ –- 34), കൽപ്പാത്തി ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), റിയാസുദ്ദീൻ (35), പോപ്പുലർ ഫ്രണ്ട് കാവിൽപ്പാട് യൂണിറ്റ് പ്രസിഡന്റ് കല്ലമ്പറമ്പിൽ അഷ്‌റഫ് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കൊലപാതകം ആസൂത്രണം ചെയ്ത ജില്ല ആശുപത്രി മോർച്ചറി പരിസരം, കൊലപാതക ശേഷം പ്രതികള്‍ രക്ഷപ്പെട്ട വഴികള്‍, കല്ലേക്കാട് ശഖുവാരത്തോട് പള്ളിയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. നാർക്കോട്ടിക്സെൽ ഡിവൈഎസ്പി എം അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
കേസില്‍ അവസാനം പിടിയിലായ ഫിറോസിനെ അഷ്റഫ് ബന്ധപ്പെട്ടതായി പൊലിസ് കണ്ടെത്തി. സംഭവത്തില്‍ 13 പേരാണ് നിലവില്‍ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലിസ്.