പാലക്കാട്: ആലപ്പുഴ മാന്നാറില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. മാന്നാർ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വര്‍ണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നു സംശയമുണ്ട്.
ഉച്ചയോട് കൂടി വടക്കഞ്ചേരി മുടപ്പല്ലൂരിൽ യുവതിയെ ഉപേക്ഷിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നു. അവശതയിലായ യുവതിയെ നാട്ടുകാർ കാണുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്ര തിരിച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും വീടിന്‍റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു. യുവതി നാല് ദിവസം മുന്‍പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. ക്വാറന്‍റൈനിൽ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതി വീട്ടില്‍ എത്തിയതിന്‍റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേര്‍ വന്നിരുന്നു. ബിന്ദുവിനെ കണ്ട ഇവര്‍ ഗള്‍ഫില്‍നിന്നു കൊടുത്തു വിട്ട സ്വര്‍ണത്തെക്കുറിച്ചു ചോദിച്ചു. എന്നാല്‍, ആരും സ്വര്‍ണം തന്നുവിട്ടിട്ടില്ലെന്നു യുവതി പറഞ്ഞതിനെത്തുടര്‍ന്ന് ആള്‍ മാറിപോയതാണെന്നു പറഞ്ഞു മൂവര്‍ സംഘം തിരികെ പോവുകയും ചെയ്തു. ഇതിനു ശേഷമാണ് ഇന്നു പുലര്‍ച്ചെ വീട് ആക്രമിച്ചു യുവതിയെ തട്ടികൊണ്ടുപോയത്. വീട്ടില്‍ കാണാന്‍ എത്തിയവരുടെ ചിത്രങ്ങളും യുവതി ഉപയോഗിച്ചിരുന്ന ഫോണും ബന്ധുക്കള്‍ പൊലീസിനു കൈമാറി. രാത്രിയിലെ സിസിടിവി ദൃശ്യങ്ങളും ബിന്ദുവിന്‍റെ ഫോണിലേക്കു വിളിച്ചവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.