കൊല്ലം: പത്തനാപുരം കടശേരിയില്‍ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തിലെ ഒരാള്‍ വനംവകുപ്പിന്‍റെ പിടിയില്‍. പുന്നല പാലയ്ക്കൽ പുത്തൻ വീട്ടിൽ അനിൽകുമാർ ( 46 ) ആണ് അറസ്റ്റിലായത്. സംഘത്തിലെ മുഖ്യപ്രതിയായ പുന്നല സ്വദേശി സന്തോഷ് ഓടി രക്ഷപ്പെട്ടു.
കമ്പി വേലിയിലൂടെ വൈദ്യുതി കടത്തി വിട്ടാണ് സംഘം മൃഗ വേട്ട നടത്തിയിരുന്നത്. വേട്ടയാടിയ കാട്ടുപന്നിയെ വില്‍പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. മേഖലയില്‍ മൃഗ വേട്ട നടക്കുന്നുണ്ടെന്ന് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സന്തോഷിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കാട്ടുപന്നി ഇറച്ചിയും സംഘം പിടികൂടി. ഒളിവില്‍ പോയ പ്രതി സന്തോഷിനെതിരെ മൃഗവേട്ടയ്ക്ക് മുമ്പും കേസുകളെടുത്തിട്ടുണ്ട്. റേഞ്ച് ഓഫീസർ ബി ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീജിത്ത്, ഉദ്യോഗസ്ഥരായ സന്ധ്യ, ബാബു, രാജു, ജെ പ്രസാദ്, ശ്യം കുമാർ , ജൂബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
also read: മൃഗവേട്ട സംഘവുമായി ഏറ്റുമുട്ടൽ ; മധ്യപ്രദേശില്‍ മൂന്ന് പൊലീസുകാര്‍ വെടിയേറ്റ് മരിച്ചു