പത്തനംതിട്ട : നിക്ഷേപ തട്ടിപ്പ് കേസില്‍ തറയിൽ ഫിനാൻസ് മാനേജിങ് പാര്‍ട്‌ണറും കേസിലെ രണ്ടാം പ്രതിയുമായ റാണി സജി പൊലീസില്‍ കീഴടങ്ങി. തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന്‍റെ ഭാര്യയാണ് റാണി സജി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം റാണിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കേസിൽ ഒന്നാം പ്രതിയായ സജി സാം കീഴടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തറയില്‍ ഫിനാന്‍സിന്‍റെ നാല് ശാഖകളിലായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നത്. ഫെബ്രുവരി മാസം മുതൽ പലിശ മുടങ്ങിയതോടെയാണ് ഇവിടെ പണം നിക്ഷേപിച്ചവർ പരാതിയുമായെത്തിയത്.
10 ലക്ഷം രൂപ തറയില്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയയാളാണ് പത്തനംതിട്ട പൊലീസിൽ ആദ്യം പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നിക്ഷേപകനെയും സജി സാമിനേയും നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തി. ഏപ്രില്‍ മാസം 30 ന് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ അന്ന് കേസെടുത്തിരുന്നില്ല.
എന്നാൽ സജി സാം വാക്കു പാലിച്ചില്ല. തുടർന്ന് തറയിൽ ഫിനാൻസിന്‍റെ പല ശാഖകളും അടഞ്ഞു തുടങ്ങിയതോടെ നിക്ഷേപകർ കൂട്ടത്തോടെ പരാതികളുമായി രംഗത്തെത്തുകയായിരുന്നു. സ്ഥാപനത്തിന്‍റെ ഓമല്ലൂര്‍ അടൂര്‍ പത്തനംതിട്ട പത്താനാപുരം ശാഖകളില്‍ നിന്നായി അഞ്ഞൂറോളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 370 പരാതികളാണ് തറയില്‍ ഫിനാന്‍സിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ALSO READ:തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: സജി സാമിൻ്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി