രാമേശ്വരം : ശ്രീലങ്കയിൽ നിന്ന് കടൽ മാർഗം കടത്തുന്നതിനിടെ പത്തുകോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. കോസ്‌റ്റ് ഗാര്‍ഡും ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സും (ഡിആര്‍ഐ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് രാമേശ്വരം കടൽത്തീരത്തിനടുത്തുള്ള മണ്ഡപത്ത് വച്ച് 17.74 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരത്തെ മണ്ഡപം കേന്ദ്രീകരിച്ച് ഒരു സംഘം മത്സ്യബന്ധന ബോട്ടില്‍ ശ്രീലങ്കയില്‍ നിന്നും വൻതോതിൽ സ്വർണം കടത്താൻ പദ്ധതിയിടുന്നതായി ഡിആര്‍ഐക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
വിവരം പിടിച്ച് വലവിരിച്ചു: മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മൂന്നുപേർ ഉൾക്കടലിൽ ചെന്ന് സ്വർണം ശേഖരിച്ച് രാമേശ്വരത്തിനടുത്തുള്ള മണ്ഡപം തീരത്ത് ഇറക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതെത്തുടര്‍ന്ന് ഡിആര്‍ഐ ഇന്ത്യൻ കോസ്‌റ്റ് ഗാർഡുമായി ചേർന്ന് ഒരു സംയുക്ത ഓപ്പറേഷൻ ആസൂത്രണം ചെയ്തു. ഇതിനായി ഡിആര്‍ഐ ഉദ്യോഗസ്ഥരും കോസ്‌റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം കോസ്‌റ്റ് ഗാര്‍ഡ് കപ്പലായ ചാര്‍ലി 432 ല്‍ നിരീക്ഷണം നടത്തി വന്നു.
ചേസിങ്ങിലൂടെ പിടികൂടല്‍ : തുടര്‍ന്ന് ഇന്നലെ പുലര്‍ച്ച (ഫെബ്രുവരി എട്ടിന്) ഈ മത്സ്യബന്ധന ബോട്ട് സംഘം തിരിച്ചറിഞ്ഞു. പിന്നാലെ കോസ്‌റ്റ് ഗാര്‍ഡ് കപ്പലില്‍ നിന്ന് റിജിഡ് ഇൻഫ്ലേറ്റബിൾ ബോട്ടുകൾ (ആർഐബി) വിന്യസിച്ച് കടലില്‍ പിന്തുടര്‍ന്ന ശേഷം ഒടുവില്‍ മണ്ഡപം തീരത്തിനടുത്തുവച്ച് ബോട്ട് പിടികൂടുകയായിരുന്നു. അതേസമയം ഇവരെ കണ്ടതോടെ തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ കെട്ടിപ്പൊതിഞ്ഞ സ്വര്‍ണമടങ്ങിയ പാര്‍സല്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ കോസ്‌റ്റ് ഗാര്‍ഡിലെ മുങ്ങല്‍ വിദഗ്‌ധരുടെ സഹായത്തോടെ സംഘം ഇത് ആഴക്കടലില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു.
പിടികൂടിയവ: ബാറുകളും ചങ്ങലകളുമായുള്ള രീതിയിലുള്ള 17.74 കിലോഗ്രാം ഭാരമുള്ള സ്വര്‍ണം ശേഖരം ഒരു തുണിയില്‍ കെട്ടിയ നിലയിലായിരുന്നു. ഇതിനകത്ത് 14 പൊതികളായി പാര്‍സല്‍ ചെയ്‌ത നിലയിലായിരുന്നു സ്വര്‍ണം. വിപണിയില്‍ 10.1 കോടി രൂപ വിലമതിക്കുന്ന വിദേശ സ്വര്‍ണം 1962ലെ കസ്‌റ്റംസ് ആക്‌ട് പ്രകാരമാണ് സംഘം പിടിച്ചെടുത്തത്. പിടികൂടിയ മൂന്നുപേരെ സംഘം ചോദ്യം ചെയ്‌തുവരികയാണ്. അതേസമയം 2022-23 സാമ്പത്തിക വർഷത്തിൽ ഡിആർഐ ചെന്നൈ സോണൽ യൂണിറ്റ് ഇതുവരെ 209 കിലോ വിദേശ സ്വർണമാണ് പിടികൂടിയിട്ടുള്ളത്.