തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ മൂന്നാം പ്രതിയായ, ഗ്രീഷ്‌മയുടെ അമ്മാവന്, കോടതി ജാമ്യം അനുവദിച്ചു. പ്രതി നിര്‍മ്മല കുമാരന്‍ നായര്‍ക്കാണ് ഉപാധികളോടെ ജില്ല സെഷൻസ് കോടതി ജാമ്യം നല്‍കിയത്. ആറ് മാസത്തേക്ക് ഇയാള്‍ പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്. 50,000 രൂപയോ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാരെയോ ലഭ്യമാക്കണം. ഇതില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാകണം, ജാമ്യം നിൽക്കുന്ന വ്യക്തികള്‍ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് വിശ്വാസമുള്ളവരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
നേരത്തെ കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മയ്‌ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. അഭിഭാഷകനായി അഡ്വ.ശാസ്‌തമംഗലം.എസ് അജിത് കുമാറാണ് ഹാജരായത്. കാമുകിയായ ഗ്രീഷ്‌മ ജ്യൂസില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഷാരോണ്‍ 2022 ഒക്‌ടോബര്‍ 25നാണ് മരിച്ചത്.
പളുകലിലെ ഗ്രീഷ്‌മയുടെ വീട്ടില്‍ വച്ചാണ് വിഷം കലര്‍ത്തിയ ജ്യൂസ് ഷാരോണിന് നല്‍കിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച ശേഷം കാമുകനെ ഒഴിവാക്കാന്‍ തീരുമാനിച്ച ഗ്രീഷ്‌മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ജ്യൂസ് നല്‍കുകയായിരുന്നു.