മലപ്പുറം : മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മദ് അജ്‌മല്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്ക് വേണ്ടിയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.
കേസിലെ മുഖ്യ പ്രതിയായ അഷ്‌റഫിന്‍റെ സഹായികളായി സ്വദേശത്തും, വിദേശത്തും പ്രവര്‍ത്തിച്ചവരാണ് ഇവര്‍. കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉള്ളത്. മുഖ്യപ്രതി ഉള്‍പ്പടെ നാല് പേരെ പൊലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അഞ്ച് പ്രതികളെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസ്.
Also read: ഷാബാ ഷെരീഫ് വധം: പ്രതികളെ കോടതിയില്‍ ഹാജരാക്കി
ഫാസില്‍, ഷമീം എന്നിവരുടെ വീടുകളില്‍ പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളങ്ങള്‍ വഴി അക്രമികള്‍ വിദേശത്തേക്ക് കടന്നിരിക്കാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.