തിരുവനന്തപുരം : വിദേശ വനിതയ്ക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യുകെയില്‍ നിന്നെത്തിയ തനിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായെന്ന 25 കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 എ, 354 ഡി വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ജനുവരി 31 ന് പ്രതികള്‍ തനിക്ക് അശ്ലീല സന്ദേശങ്ങളയച്ചുവെന്നും തുടര്‍ന്ന് റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്നതിനിടെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് യുവതിയുടെ പരാതി. തിരുവനന്തപുരത്തെത്തിയ യുവതി യാത്രയ്ക്കായി മുഖ്യപ്രതിയുടെ ടാക്‌സി വിളിച്ചിരുന്നു. ഇതുവഴിയാണ് ഇവര്‍ക്ക് യുവതിയുടെ ഫോണ്‍ നമ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണ്‍ വഴി ശല്യപ്പെടുത്തലാരംഭിച്ചു.
യുവതി ഇത് എതിര്‍ത്തതോടെ റിസോര്‍ട്ടില്‍ നിന്ന് ബീച്ചിലേക്ക് പോകുന്ന വഴിയില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കാന്‍ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് അപ്പോള്‍ തന്നെ റിസോര്‍ട്ടിലെ ഷെഫിനോട് പറഞ്ഞിരുന്നുവെന്നും സംഭവത്തിന് അദ്ദേഹം സാക്ഷിയാണെന്നും യുവതി പൊലീസിനെ ധരിപ്പിച്ചിട്ടുണ്ട്.